കൊച്ചി: മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന് അസുഖം മൂര്‍ച്ഛിച്ചത് ആണ് മരണത്തിന് കാരണമായത്.

അഡ്വക്കേറ്റ് അമ്പാടി നാരായണ മേനോന്‍റെയും വടക്കോട്ട് ലക്ഷ്മി അമ്മയുടെയും മകനായി 1927ലാണ് വിശ്വനാഥമേനോന്‍റെ ജനനം. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു.

1949ൽ പുണെ ലോ കോളേജിൽ നിയമ പഠനത്തിനായി ചേർന്നു. പിന്നീട‌് മുംബൈ ലോ കോളേജിലേക്ക‌് മാറി. 1945 ൽ ഇന്ത്യൻ കമ്യൂണിസ‌്റ്റ‌് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. കമ്യൂണിസ‌്റ്റ‌് പാർട്ടിയും വിദ്യാർഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിരോധനം ലംഘിച്ച‌് എറണാകുളത്ത‌് വിദ്യാർഥി ജാഥ നയിച്ചു. തുടർന്ന‌് ഒളിവിൽ പോയി.

വിദ്യാത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും സംഘടനാപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന വിശ്വനാഥ മേനോനെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതില്‍ നിരവധി തവണ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എറണാകു‍ളം മഹരാജാസ് കോളേജിലും മുംബൈ ലോകോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അക്കാലത്ത‌് അമ്പാടി വിശ്വം എന്ന പേരിലാണ‌് അറിയപ്പെട്ടത‌്. സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളേജിൽ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച‌് കൊച്ചി രാജാവിന്റെ പതാക വലിച്ചു കീറി കത്തിച്ചു

1950 ഫെബ്രുവരി 28 ന‌് ഇടപ്പളളി പൊലീസ‌് സ‌്റ്റേഷനിൽ മർദ്ദനം അനുഭവിച്ചിരുന്ന കമ്യൂണിസ‌്റ്റ‌് പാർട്ടി പ്രവർത്തകരുടെ മോചനത്തിനായി പൊലീസുമായി ഏറ്റുമുട്ടൽ നടത്തുകയും തുടർന്ന‌് ഇടപ്പള്ളി പൊലീസ‌് സ‌്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയാകുകയും ചെയ്തു. 1950‌ ജൂലൈ 12 ന‌് ന്യൂഡൽഹിയിൽ അറസ‌്റ്റിലായി. ഡൽഹിയിലെ ജയിലിൽ ഏകാന്ത തടവ‌് അനുഭവിച്ചു. ഇന്ത്യയിലെ വിവിധ ജയിലുകളിൽ മാറിമാറിക്കിടന്ന‌് ഒടുവിൽ ആലുവ ജയിലിലെത്തി.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മത്സരിച്ച് വിജയിച്ച‌് ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. രണ്ടുവട്ടം പാര്‍ലമെന്റ് അംഗവുമായിരുന്നു അദ്ദേഹം. പിൽക്കാലത്ത‌് അദ്ദേഹം കുറച്ചു കാലം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന‌് വിട്ടു നിന്നിരുന്നു. ആത‌്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’ ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം) , മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.

റിട്ടയേഡ് അധ്യാപിക കെ. പ്രഭാവതി ടീച്ചറാണ് ഭാര്യ. കലൂർ ദേശാഭിമാനി റോഡ‌് ടാഗോർ സ‌്ട്രീറ്റ‌് വടക്കൂട്ട‌് വീട്ടിലായിരുന്നു താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.