തൃശൂര്‍: മുതിര്‍ന്ന സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം.പരമന്‍ അന്തരിച്ചു. മൃതദേഹം സിപിഐ ഓഫിസില്‍ 12 മുതല്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. 3.30 നു പാറമേക്കാവ് ശാന്തിഘട്ടിലാണു സംസ്‌കാരം.

ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ വര്‍ഷങ്ങളായി പൂങ്കുന്നത്തുള്ള വസതിയില്‍ വിശ്രമത്തിലായിരുന്നു. 1926 ല്‍ ഐനി വളപ്പില്‍ മാധവന്റേയും ചിറ്റത്തുപറമ്പില്‍ ലക്ഷ്‌മിയുടേയും മകനായി ജനിച്ചു. 1987 ല്‍ ഒല്ലൂരില്‍ നിന്നും എംഎല്‍എയായി നിയമസഭയിലെത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്‌മി മില്‍, അളഗപ്പ ടെക്സ്റ്റൈല്‍സ്, നാട്ടിക കോട്ടണ്‍ മില്‍, ഓട്ടു കമ്പനിത്തൊഴിലാളി യൂണിയന്‍ തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ