തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ കൊണ്ടുപോകാനിരിക്കെയാണ് ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടിയും കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്‌സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് അച്ഛന്റെ സഹോദരന് മറുപടി നല്‍കാന്‍ താനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദം കത്തിനില്‍ക്കുന്നതിനിടെ എകെ ആന്റണിയും എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും എകെ ആന്റണി പറഞ്ഞു.