കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമിടയില്‍ ‘നുഴഞ്ഞുകയറി’യ തന്റെ ചിത്രവുമായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഡിയുടെ കോഴിക്കോട് സന്ദര്‍ശന വേളയിലെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് കലക്ടര്‍ ബ്രോയുടെ ട്രോള്‍.

2016 സെപ്റ്റംബറില്‍ നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രിയെ കുമ്മനം രാജശേഖരന്‍ സ്വീകരിക്കുന്നതിന്റെ ചിത്രമാണ് പ്രശാന്ത് നായർ പങ്കുവെച്ചത്. കുമ്മനത്തിനും മോഡിക്കും പിറകിലായി പ്രശാന്ത് നായർ നിൽക്കുന്നത് ചിത്രത്തിൽ കാണാം.

‘അതുക്കും മേലെ. അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞ് കയറ്റം എങ്ങനെ?’- എന്ന അടിക്കുറിപ്പോടെയാണ് മോഡിയെ കുമ്മനം ഷാള്‍ അണിയിക്കുന്ന ചിത്രം പ്രശാന്ത് നായര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മെട്രോയില്‍ കയറുകൂടിയ കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയ ഒന്നടങ്കം ട്രോളി ആഘോഷിക്കുന്നതിനിടയിലാണ് കളക്ടർ ബ്രോയും പോസ്റ്റിട്ടിരിക്കുന്നത്. മെട്രോയില്‍ ആദ്യ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് മറികടന്നാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത്.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.

എന്നാൽ കുമ്മനവും ഇവരോടൊപ്പം ചേരുകയായിരുന്നു.ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ആദ്യം ഒഴിവാക്കിയവർ കുമ്മനത്തെ യാത്രയിൽ ഉൾപ്പെടുത്തിയത് എന്തു കൊണ്ടാണെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ