കോഴിക്കോട്: കോഴിക്കോട് രൂപത മുൻ അധ്യക്ഷൻ ബിഷപ് ഡോ. മാക്‌സ്‌വെൽ വാലെന്റെൻ നൊറോണ (93) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.20-നായിരുന്നു അന്ത്യം.  സംസ്കാരം  ചൊവ്വാഴ്ച വൈകുന്നേരം 3.30-ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടക്കും.

രൂപതയുടെ നാലാമത്തേതും ആദ്യ തദ്ദേശീയനുമായ ബിഷപ്പുമായിരുന്നു ഡോ. മാക്സ്‌വെൽ നൊറോണ. ദീർഘനാളായി കോഴിക്കോട് ബിഷപ് ഹൗസിൽ വിശ്രമ ജീവിതത്തിലായിരുന്നു.  ബിഷപ് അൽദോ മരിയാ പത്രോണിയിൽനിന്ന് 1980ൽ രൂപതയുടെ നേതൃസ്ഥാനം ഏറ്റെടുത്ത ഇദ്ദേഹം 2002 വരെ അദ്ധ്യക്ഷസ്ഥാനത്ത് തുടർന്നു.

വടകരയിലെ നൊറോണ കുടുംബത്തിൽ ആംബ്രോസ്-ജെസ്സി ദമ്പതിമാരുടെ മകനായി 1924 ഫെബ്രുവരി പതിനാലിനായിരുന്നു ജനനം.  വടകര, അഴിയൂർ, പയ്യോളി, മാഹി എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽനിന്ന് ബിഎ ബിരുദം നേടി.

മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ൽ വൈദിക പട്ടം ലഭിച്ചു. 1957 മുതൽ ‘62 വരെ റോമിൽ ഉപരിപഠനം.  തലശ്ശേരി സെയിന്റ് ജോസഫ്സ് സ്കൂളിൽ അധ്യാപകനും വയനാട് ചുണ്ടേലിൽ റോമൻ കാത്തലിക് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ