തിരുവനന്തപുരം: വിഷമത്സ്യം കണ്ടെത്താനുളള ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായിട്ടുളള പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തേക്ക് വിഷമത്സ്യങ്ങള്‍ എത്തുന്നത് തടയുമെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. പിടികൂടുന്ന മത്സ്യങ്ങള്‍ ഇവിടെ സംസ്കരിക്കാന്‍ സാധ്യമല്ലെന്നും പിടികൂടുന്ന സംസ്ഥാനങ്ങളില്‍ തന്നെ സംസ്കരിക്കുമെന്നും ശൈലജ പറഞ്ഞു.

‘രാസവസ്‌തു നിറഞ്ഞ മീന്‍ കൊണ്ടുവന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്‌തുക്കള്‍ ചേര്‍ത്ത് എത്തുന്ന ഭക്ഷ്യവസ്‌തുക്കള്‍ തടയും’ മന്ത്രി വ്യക്തമാക്കി.

മത്സ്യക്ഷാമം മുതലെടുത്ത്‌ മറുനാടുകളില്‍ നിന്ന്‌ എത്തുന്ന മീനുകളില്‍ മാരകമായ അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുള്ള ചെമ്മീന്‍ ഉള്‍പ്പടെയുള്ള മത്സ്യങ്ങള്‍ ജില്ലയിലെ അരൂരിലുള്ള മത്സ്യ സംസ്‌കരണ ശാലകളിലേക്ക്‌ അടക്കം എത്തുന്നതായാണ്‌ ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയിരിക്കുന്നത്‌. മത്സ്യം കൂടാതെ പല അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെയും രാസവസ്‌തുക്കള്‍ അടങ്ങിയ പാല്‍ അടക്കമുളള ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.

അമരവിള, വാളയാര്‍ ചെക്ക്‌ പോസ്‌റ്റുകളില്‍ നിന്നായി അടുത്തിടെ 14 ടണ്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം തിരിച്ചയച്ചിരുന്നു. സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63.6 മില്ലിഗ്രാം ഫോര്‍മാലിന്‍ ഉണ്ടെന്നാണ്‌ കണ്ടെത്തിയത്‌. കാന്‍സറടക്കമുള്ള അതീവ ഗുരുതര രോഗങ്ങള്‍ക്ക്‌ കാരണമായേക്കാവുന്നതാണ്‌ ഫോര്‍മാലിന്‍. ദശയേറെയുള്ള വലിയ മീനുകളുടെ കഷ്‌ണങ്ങള്‍ മാംസം നഷ്‌ടപ്പെടാതെ മുറിച്ച്‌ മാറ്റാനാവുമെങ്കില്‍ അതില്‍ ഇത്തരം കൃത്രിമം ഉറപ്പാക്കാവുന്നതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

വലിയ മത്സ്യങ്ങള്‍ കഷണങ്ങളാക്കി ഉപഭോക്‌താക്കളെ ആകര്‍ഷിക്കാനായി പ്രദര്‍ശനത്തിന്‌ വയ്‌ക്കുന്നത്‌ വ്യാപകമായി. ഫോര്‍മാലിന്‍ ദഹന വ്യവസ്‌ഥ തകരാറാക്കുകയും ഗുരുതരമായ അള്‍സറിന്‌ കാരണമാകുകയും ചെയ്യും.

ശ്വസന വ്യവസ്‌ഥയിലെ അര്‍ബുദത്തിനും രക്‌താര്‍ബുദത്തിനും ഫോര്‍മാലിന്‍ വഴിയൊരുക്കാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ലഭ്യത കുറഞ്ഞതിനാലാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ മത്തി ഉള്‍പ്പെടെയുള്ളവ കേരളത്തിലേക്ക്‌ എത്തിയത്‌. നാലുവര്‍ഷമായി മത്തിയുടെ ലഭ്യത കേരള തീരത്ത്‌ കുറഞ്ഞുവരികയാണ്‌.

തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ്‌ മത്തി കൂടുതലായും ഇവിടേക്ക്‌ എത്തുന്നത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണനം നടത്താനുള്ള മത്തിയിലും അരൂരിലെ സംസ്‌കരണശാലയിലേക്ക്‌ കയറ്റി അയക്കുന്നതിന്‌ മുന്നോടിയായി എത്തിയ ചെമ്മീനിലുമാണ്‌ ഫോര്‍മാലിന്‍ കലര്‍ന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.