തിരുവനന്തപുരം: ലാത്‌വിയ സ്വദേശി ലിഗയുടേത് കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുരുഷ ലൈംഗിക തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. കോവളം സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നേരത്തേയും ചില വിനോദസഞ്ചാരികളെ ഇയാള്‍ ഉപദ്രവിച്ചതായി രേഖകളുണ്ട്. ഇയാള്‍ നല്‍കിയ സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ പീഡിപ്പിക്കാനുളള ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം.

ബീച്ചിൽ ഇയാളുമായി ലിഗ സംസാരിച്ചു നിൽക്കുന്നത് കണ്ടതായി ചില യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. കോട്ടയത്തു നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. മാർച്ച് 14ന് ഓട്ടോറിക്ഷയിൽ ഗ്രോവ് ബീച്ചിൽ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോൾ കൊടുത്തെന്നും അത് പുകച്ച് അവർ ബീച്ചിലൂടെ നടന്നുപോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താൻ ശ്രദ്ധിച്ചില്ല. 36 ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്തിയ വാർത്ത കേട്ടാണ് മരിച്ചത് ലിഗയാണെന്ന് മനസിലായതെന്നും ഇയാൾ മൊഴി നൽകി. പൊലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ല.

കൊലപാതകമോ ആത്മഹത്യയോ എന്താണങ്കിലും മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്നു പൊലീസ് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ ചോദ്യം ചെയ്തു. ലിഗ ഒറ്റയ്ക്കു കുറ്റിക്കാട്ടിലേക്കു പോകുന്നതു കണ്ടതായി പറഞ്ഞ രണ്ടു പേരില്‍ ഒരാളാണ് കസ്റ്റഡിയിലുളളത്.

കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും താവളമാണെന്നും കണ്ടെത്തി. ഇവരില്‍ പലരെയും ചോദ്യം ചെയ്യുമ്പോഴും പരസ്‌പരവിരുദ്ധമായ മൊഴികളാണു ലഭിക്കുന്നത്. ഇതിലും സംശയം വര്‍ധിച്ചതോടെയാണ് ഈ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ശ്വാസംമുട്ടിയാവാം മരണമെന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കൊലപാതകത്തിലേക്കു വിരല്‍ചൂണ്ടുന്ന ഈ നിഗമനം അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ടോയെന്നതാണു നിര്‍ണായകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ