തൊടുപുഴ: നീലക്കുറിഞ്ഞി പൂക്കാലമടുത്തതോടെ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി റവന്യൂ വകുപ്പ്. സര്‍ക്കാര്‍ ഭൂമിക്കു വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ഇത് ഹൈക്കോടതിയില്‍ ഉള്‍പ്പടെ നല്കി അനുകൂല ഉത്തരവുകള്‍ കൈയേറ്റക്കാര്‍ നേടുന്നതായും മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ ശ്രീകുമാര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 25-ന് മൂന്നാര്‍ സ്വദേശിയുടെ കൈയേറ്റ ഭൂമിയിലേക്ക് ദേശീയപാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ റോഡ് നിര്‍മിച്ചിരുന്നു. ഇതിനെതിരേ റവന്യൂ വകുപ്പ് പരാതിയുമായി രംഗത്തെത്തുകയും തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നു കൈയേറ്റക്കാരന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും പുതുതായി നിര്‍മിച്ച റോഡ് പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ റോഡ് അടച്ചതു തന്റെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നു കാട്ടി സ്ഥലമുടമയായ പന്തീരുപാറ ജോര്‍ജ് എന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി.
ഇതേതുടർന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ വ്യാജ രേഖകള്‍ നിര്‍മിച്ച് നല്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഹൈക്കോടതിയില്‍ ഭൂവുടമ ഹാജരാക്കിയത് 7-1-1973 ല്‍ കെഡിഎച്ച് വില്ലേജോഫീസില്‍ നിന്നും മൂന്നാര്‍ യൂണിയന് ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കാന്‍ നല്കിയ കൈവശ രേഖയായായിരുന്നു. എന്നാല്‍ ജനുവരി ഏഴാം തീയതി ഞായറാഴ്ചയായിരുന്നുവെന്നും 1973-ല്‍ മൂന്നാറില്‍ യൂണിയന് ബാങ്കിനു ശാഖയില്ലായിരുന്നുവെന്നും സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ ശ്രീകുമാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യാജ രേഖ നല്കി കോടതിയെയും സര്‍ക്കാരിനെയും കബളിപ്പിച്ച കൈയേറ്റക്കാരനെതിരേ പോലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സബ്കളകളക്ടര്ക്കും ജില്ലാ കളക്ടര്‍ക്കും ശ്രീകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 1989, 1996 എന്നീ വര്‍ഷങ്ങളിലെ കെഡിഎച്ച് വില്ലേജിലെ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ രജിസ്ട്രര്‍ നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ടു പോയ രജിസ്ട്ര റിലെ ക്രമനമ്പര്‍, വില്ലേജ് ഓഫീസറുടെ ഒപ്പ് എന്നിവ ഉപയോഗിച്ച് വന്‍തോതില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച ശേഷം സര്‍ക്കാര്‍ ങഭൂമി കൈയേറി മറിച്ചു വില്‍ക്കുന്നതായി അടുത്തിടെ റവന്യൂ വകുപ്പു കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിര്‍മിക്കുന്ന വ്യാജ കൈവശരേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി അനുകൂല വിധി സമ്പാദിച്ചശേഷം ഭൂമി സ്വന്തമാക്കുന്ന കൈയേറ്റക്കാര്‍ പിന്നീട് ഇത്തരം ഭൂമി റിസോര്‍ട്ടു മാഫിയകള്‍ക്കു മറിച്ചുവില്ക്കുകയാണു പതിവെന്നും റവന്യൂ വകുപ്പ് പറയുന്നു. ഈ വിഷയത്തില്‍ റവന്യൂ വകുപ്പിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍കൂട്ടി തയാറാക്കുന്ന പദ്ധതികളിലൂടെയാണ് വ്യാജ രേഖകള്‍ തയാറാക്കിയ ശേഷം ഭൂമി കൈയേറുന്നതെന്ന് മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ കൈവശ രേഖയിലെ തീയതി ഞായറാഴ്ചയാണെന്ന് തിരിച്ചറിഞ്ഞതാണ് എളുപ്പത്തില്‍ തട്ടിപ്പ് കണ്ടെത്താന്‍ സഹായകമായത്. വിശദമായ പോലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യാജരേഖ മാഫിയയുടെ ഉറവിടം കണ്ടെത്താനാവൂ, ശ്രീകുമാര്‍ പറയുന്നു. അതേസമയം വ്യാജരേഖകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.