തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തിൽ ഇല്ലാതെ പോയതിൽ ഖേദമുണ്ടെന്ന് വനം മന്ത്രി കെ.രാജു. പ്രളയസമയത്ത് കേരളത്തിൽ ഉണ്ടാകാതിരുന്നത് തെറ്റായിപ്പോയി. പ്രളയവാർത്ത അറിഞ്ഞപ്പോൾ തന്നെ തിരിച്ചുവരാനുളള ശ്രമങ്ങൾ ആരംഭിച്ചു. ജർമ്മനിയിൽനിന്നും പെട്ടെന്ന് മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ല. ജർമ്മൻ യാത്രയ്ക്ക് നേരത്തെ അനുവാദം വാങ്ങിച്ചിരുന്നു. ജർമ്മനിയിലേക്ക് പോകുമ്പോൾ സ്ഥിതി വഷളായിരുന്നില്ല. പോയതിനുശേഷമാണ് പ്രളയം ശക്തമായത്. ജർമ്മൻ യാത്രയെ താൻ ന്യായീകരിക്കുന്നില്ലെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രളയക്കെടുതിയിലൂടെ കേരളം കടന്നുപോകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ചുമതല നൽകേണ്ട വനം മന്ത്രി കെ.രാജു ജർമ്മനിയിൽ സന്ദർശനത്തിനുപോയതാണ് വിവാദമായത്. ഒരു സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി രാജു ജർമ്മനിയിലേക്ക് പോയത്. കോട്ടയം ജില്ലയിലെ രക്ഷാപ്രവർത്തനത്തിന്റെ ചുമതല ഉണ്ടായിരിക്കെയാണ് മന്ത്രി വിദേശത്തേക്ക് വിമാനം കയറിയത്. കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ് മന്ത്രി വിദേശത്ത് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്.

ഓഗസ്റ്റ് 17 മുതൽ 19 വരെയുളള സമ്മേളനത്തിൽ പങ്കെടുക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ മന്ത്രി ക്ഷണം ഒഴിവാക്കി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മന്ത്രിമാരായ കെ.രാജുവിനും സുനിൽ കുമാറിനും പുറമേ എംപിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എംഎൽഎ എന്നിവർക്കും ക്ഷണം ഉണ്ടായിരുന്നു. ഇതിൽ രാജുവും ഇ.ടി.മുഹമ്മദ് ബഷീറും മാത്രമാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്.

ചികിൽസയ്ക്കായി 19 ന് യുഎസ്സിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും യാത്ര മാറ്റിവയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വനം മന്ത്രി രാജു വിദേശത്തേക്ക് പോയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ സിപിഐ നേതൃത്വം മന്ത്രിയെ ജർമ്മനിയിൽനിന്നും തിരികെ വിളിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.