മാനന്തവാടി: കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വയനാടന്‍ കാടുകളും ഭീഷണിയില്‍. ബന്ദിപ്പൂര്‍ വനത്തോട് ചേര്‍ന്നുള്ള വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീപടരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ‘വനാതിര്‍ത്തി കാക്കാന്‍’ നൂറോളം ഉദ്യോഗസ്ഥരാണു ആത്മധൈര്യം മാത്രം കൈമുതലാക്കി രാത്രി-പകല്‍ ദേദമില്ലാതെ ക്യാംപ് ചെയ്യുന്നത്. അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കും.

തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ വനംവകുപ്പ് പട്രോളിങ് ശക്തമാക്കി. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അതിര്‍ത്തിയിലെത്തി. ഇതിനൊപ്പം വനംവകുപ്പിന്റെ ചെറുവാഹനങ്ങളില്‍ വെള്ളം ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വനത്തില്‍ തീപടര്‍ന്നാല്‍ അഗ്നിശമനസേനയ്ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നതിനാല്‍ തീപടരുന്നത് ഒഴിവാക്കുകയാണ് വനം ഉദ്യോഗസ്ഥരുടെ മുന്നിലുള്ള വെല്ലുവിളി. ‘രാജ്യാതിര്‍ത്തി കാക്കുന്ന സൈന്യത്തിനു’ സമാനമായ ശ്രമകരമായ പ്രതിരോധ ദൗത്യത്തിലാണു തങ്ങളെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ് ഐ.ഇ. മലയാളത്തോട് പറഞ്ഞു.

കര്‍ണാടക വനത്തില്‍ കാട്ടുതീ വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചത്. നൂറുകണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു. ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ വയനാടന്‍ വനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇതു വയനാട്ടില്‍ മനുഷ്യ-മൃഗ സംഘർഷം വര്‍ധിക്കാന്‍ ഇടയാക്കും. ബന്ദിപ്പൂര്‍ വനത്തിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ കെടുത്താനുള്ള ശ്രമത്തിനിടെ കര്‍ണാടക വനത്തില്‍ വാച്ചര്‍ പൊള്ളലേറ്റു മരിച്ചിരുന്നു. വനപാലകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പൊള്ളലേറ്റു. വടികള്‍ കൊണ്ടു തീ തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്. അതിര്‍ത്തിയിൽ തീപടരുന്നത് തടയാന്‍ കേരള വനംവകുപ്പിന്റെ കൈയിലുള്ള പ്രധാന ഉപകരണവും വടി തന്നെ. ഇതുകാരണം വനംജീവനക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണ് ജോലി ചെയ്യുന്നത്.

Read More:വയനാടന്‍ കാടുകളില്‍ വരള്‍ച്ച രൂക്ഷം; കുടിനീര് തേടി വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക്

വയനാട് വന്യജീവി സങ്കേതത്തിനൊപ്പം സൗത്ത് വയനാട് ഡിവിഷനുകളില്‍പ്പെട്ട വനങ്ങളും തീ ഭീഷണിയിലാണ്. ഇവിടെയും ലഭ്യമായ സന്നാഹങ്ങളുമായി അതീവ ജാഗ്രതയിലാണ് വനം വകുപ്പ്. നോര്‍ത്ത് ഡിവിഷനില്‍ സ്വകാര്യസ്ഥലങ്ങളില്‍ തീപിടത്തമുണ്ടായെങ്കിലും വനത്തിനു തല്‍ക്കാലം ഭീഷണിയില്ല. രണ്ടാഴ്ചയ്ക്കു മുന്‍പ് മാനന്തവാടി, തിരുനെല്ലി ഭാഗങ്ങളില്‍ രണ്ടു ദിവസം മഴ ലഭിച്ചിരുന്നു. വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിതി മാറാനിടയുണ്ടെന്നു നോര്‍ത്ത് ഡി.എഫ്.ഒ. നരേന്ദ്ര കുമാര്‍ വെളൂരി പറഞ്ഞു. നിലവില്‍ വയനാട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസാണു ചൂട്.

ബന്ദിപൂർ വനം കത്തി നശിച്ച നിലയിൽ

വനത്തോടു ചേര്‍ന്നു കിടക്കുന്ന കൃഷിഭൂമികളും കാട്ടുതീ ഭീഷണിയിലാണ്. ഒരാഴ്ചക്കുള്ളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കര്‍ കണക്കിന് സ്വകാര്യ സ്ഥലങ്ങളാണു കത്തിനശിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ ചെമ്പ്രമല പൂൽക്കാട് ഏതാണ്ട് പൂര്‍ണമായി കത്തി. തീ നിയന്ത്രണവിധേയമാക്കി. വിനോദ സഞ്ചാരികളിലാരോ അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നാണ് തീ പിടിച്ചതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുൾ അസീസ് പറഞ്ഞു. വേനൽ രൂക്ഷമായ സാഹചര്യത്തിൽ കാട്ടുതീ അപകട സാഹചര്യം കണക്കിലെടുത്ത് ചെമ്പ്രമലയിലേയ്ക്കുളള വിനോദ സഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചു. സൂചിപ്പാറയിലേയ്ക്കുള്ള പ്രവേശനം നിരോധനം ഉടനുണ്ടാകും. മുത്തങ്ങ വന്യജീവി സങ്കേതം 22ന് അടയ്ക്കും. വനത്തോടു ചേർന്നുളള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന പരിശോധന വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരികൾ തീപ്പെട്ടി ഉൾപ്പടെയുളള വസ്തുക്കൾ കൊണ്ടുപോകരുതെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങളായി വയനാട്ടില്‍ വരണ്ട കാറ്റാണ് വീശുന്നത്. ഇതു കാട്ടുതീ വ്യാപകമാകാന്‍ കാരണമാകുന്നു. ഏപ്രിലില്‍ അനുഭവപ്പെടുന്നത്ര ചൂടാണ് നിലവില്‍ വയനാട്ടില്‍ അനുഭവപ്പെടുന്നത്.

മനുഷ്യനിര്‍മിത തീപിടിത്തത്തില്‍ രണ്ടു വര്‍ഷം മുമ്പ് വയനാടന്‍ വനങ്ങള്‍ ഏറെക്കുറെ ചാമ്പലായിരുന്നു. ഈ സാഹചര്യത്തില്‍ വ്യാപകമായ മുന്‍കരുതല്‍, ബോധവല്‍ക്കരണ നടപടികളാണു വനംവകുപ്പ് സ്വീകരിച്ചത്. അതേസമയം കാട്ടുതീ പ്രതിരോധത്തിന് വേണ്ടത്ര സര്‍ക്കാര്‍ ഫണ്ട് ലഭിച്ചതുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.