പാലക്കാട്: നാട്ടിയിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഒരു കൊമ്പനും പിടിയും കുട്ടിയാനയുമാണ് കാടുവിട്ട് നാട്ടിലെത്തിയിരിക്കുന്നത്. കൂത്താമ്പൂള്ളി കൂട്ടില്‍മുക്ക് ഭാഗത്ത് ഭാരതപ്പുഴയില്‍ ഇറങ്ങി നില്‍ക്കുകയാണ് കാട്ടാനക്കൂട്ടം.

പുഴയുടെ ഇരുഭാഗത്തായി വനപാലകരും നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്. ആനയിറങ്ങിയ കൂത്താമ്പുള്ളി മേഖലയില്‍ ഇതിനിടെ 144 പ്രഖ്യാപിച്ചു. ആനകളെ പടക്കംപൊട്ടിച്ച് ഓടിക്കുക മാത്രമാണ് വഴിയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മൂന്ന് ആനകള്‍ ഉള്ളതിനാല്‍ മയക്കുവെടിവെക്കുക അസാധ്യമെന്നാണ് അധികൃതര്‍ പറയുന്നത്.

ആനകളെ കാട്ടിലേക്ക് ഓടിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഇവ വീണ്ടും ജനവാസമേഖലയില്‍. പാലക്കാട്ടെ മുണ്ടൂരിലും പറളിയിലും ഭീതി വിതച്ച കാട്ടാനകളാണ് മാങ്കുറിശ്ശിയിലും പരിസരത്തും വനപാലകര്‍ക്കും നാട്ടുകാര്‍ക്കു നേരെ കൊലവിളിയുമായി പാഞ്ഞടുത്തത്. അന്ന് ഏറെ പണിപ്പെട്ട് കാടുകയറ്റിയതോടെ മടങ്ങിവരില്ലെന്നു പ്രതീക്ഷിച്ച കാട്ടാനകള്‍ ദേശീയപാതയും ഭാരതപ്പുഴയും കടന്നു വീണ്ടുമെത്തിയിരിക്കുകയാണ്.

ഭീതി പരന്നതോടെ പരിസരത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. മൈക്ക് വഴി പരിസര പ്രദേശങ്ങളില്‍ നിരന്തരം മുന്നറിയിപ്പ് നല്‍കി വരികയാണ്. ഭീതി പരന്നതോടെ പരിസരത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.


കടപ്പാട്: മനോരമാ ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ