കോട്ടയം: മൂന്നാറിലും പരിസര ഗ്രാമങ്ങളിലും അനുഭവപ്പെടുന്ന കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ആനയിറങ്കൽ ഡാമിലെ സ്പീഡ് ബോട്ട് സര്‍വീസിനു നിയന്ത്രണം കൊണ്ടുവരണമെന്നു വനംവകുപ്പിന്റെ ശുപാര്‍ശ. ആനയിറങ്കൽ ഡാമിലെ സ്പീഡ് ബോട്ട് സര്‍വീസ് കാട്ടാനകളെ ശല്യപ്പെടുത്തുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് സ്പീഡ് ബോട്ട് സര്‍വീസ് നിയന്ത്രിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിക്കുന്നത്. മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഉടന്‍ തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കിയേക്കും.

wild elephants, man animal conflict, munnar

ബൈസണ്‍വാലി മുട്ടുകാട് ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിക്കുന്ന കാട്ടാനകള്‍

വൈദ്യുതി വകുപ്പിന്റെ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ 2015 ഓഗസ്റ്റ് 21-നാണ് ആനയിറങ്കല്‍ ഡാമില്‍ സ്പീഡ് ബോട്ടിങ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഇത് സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്തു. ബോട്ടിങ് തുടങ്ങുന്നതിനു മുമ്പു തന്നെ ആനയിറങ്കലില്‍ ബോട്ടിങ് ആരംഭിക്കുന്നതിനു വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു. ബോട്ടിങ് തുടങ്ങുന്നത് ആനയിറങ്കലില്‍ കാട്ടാന ആക്രമണം വര്‍ധിക്കാന്‍ കാരണമാകുമെന്നു വനംവകുപ്പ് അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് ബോട്ടിംഗ് തുടങ്ങിയത്. സ്പീഡ് ബോട്ടുകളുമായി ആനയിറങ്കല്‍ ഡാമിനു സമീപമെത്തുന്നതും ഫോട്ടോയെടുക്കുന്നതും ബഹളംവയ്ക്കുന്നതും ആനകളെ പ്രകോപിപ്പിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് സ്പീഡ് ബോട്ടിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വേനലില്‍ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നു മാട്ടുപ്പെട്ടിയിലേയ്ക്കു കൊണ്ടുപോയ ബോട്ടുകള്‍ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചെങ്കിലും ബോട്ടിങ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വനംവകുപ്പ് ബോട്ടിങിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാല്‍ ബോട്ടിങ് നിയന്ത്രിക്കുന്നത് ആലോചിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാട്ടുപ്പെട്ടിയിലും കാട്ടാനകളുണ്ടെന്നും അവിടെ ബോട്ടിങ് തടസ്സമില്ലാതെ നടക്കുന്നുവെന്നുമാണ് ബോട്ടിങിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ മാട്ടുപ്പെട്ടിയില്‍ വിശാലമായ പുല്‍മേടുകളുണ്ടെന്നും ആനയിറങ്കലിലെ സ്ഥിതി ഇതല്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

ഇതിനിടെ വനംവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും കാട്ടാന ആക്രമണം ആനയിറങ്കല്‍, ബൈസണ്‍വാലി, രാജകുമാരി, സിങ്കുകണ്ടം, ബോഡിമേട്ട്, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരികയാണ്. ശല്യക്കാരായ കാട്ടാനകളെ തുരത്താന്‍ വയനാട്ടില്‍ നിന്നു കുങ്കിയാനകളെ(പരിശീലനം സിദ്ധിച്ച നാട്ടാനകൾ) എത്തിക്കാന്‍ അടുത്തിടെ വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ വയനാട്ടിലുള്ള കുങ്കിയാനകള്‍ക്കു മദപ്പാടായതോടെ ഈ നീക്കം പാളുകയായിരുന്നു. ഇതിനു പകരമായി തമിഴ്‌നാട്ടില്‍ നിന്നു കുങ്കിയാനകളെ എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ വനംവകുപ്പ്. ഇതിനായി മൂന്നാര്‍ ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു കത്തു നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ