scorecardresearch

നക്ഷത്ര ആമകളുടെ കണക്കെടുപ്പിനും പഠനത്തിനും വനം വകുപ്പ്

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നാനൂറിലധികം നക്ഷത്ര ആമകളെയാണ് ചിന്നാറിലെ വന്യജീവി സങ്കേത്തിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്

നക്ഷത്ര ആമകളുടെ കണക്കെടുപ്പിനും പഠനത്തിനും വനം വകുപ്പ്

തൊടുപുഴ: കേരളത്തിലെ നക്ഷത്ര ആമകളുടെ ഏക സ്വാഭാവിക ആവാസ കേന്ദ്രമായ ചിന്നാര്‍ വന്യജീവി സങ്കേതം നക്ഷത്ര ആമകളെക്കുറിച്ചു വിശദമായ ശാസ്ത്രീയ പഠനത്തിനൊരുങ്ങുന്നു. രണ്ടു വര്‍ഷം നീളുന്ന ശാസ്ത്രീയ പഠനം നക്ഷത്ര ആമകളെക്കുറിച്ചുള്ള സമഗ്ര പഠനമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭുവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ രൂപരേഖ വനം വകുപ്പ് ജൈവ വൈവിധ്യവിഭാഗം തലവന്‍ അമിത് മല്ലിക് അംഗീകരിച്ചതോടെയാണ് നക്ഷത്ര ആമകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് വഴിതുറന്നത്.

നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസവ്യവസ്ഥയുടെ ഉപയോഗം, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണം, ചിന്നാര്‍ വന്യ ജീവി സങ്കേതത്തിലെ നക്ഷത്ര ആമകളുടെ കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത് പ്രജനന സ്വഭാവങ്ങളുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പുതിയ പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വാര്‍ഡന്‍ പി.എം.പ്രഭു പറഞ്ഞു.

ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു, മൂന്നാര്‍ വന്യജീവി സങ്കേതം ബയോളജിസ്റ്റ് പി.രാജന്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ സലീഷ് എന്നിവരാണ് നക്ഷത്ര ആമകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു നേതൃത്വം നല്‍കുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജി പി.മാത്തച്ചന്‍ എന്നിവര്‍ നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനം വിലയിരുത്തും. നക്ഷത്ര ആമകളെ പരിപാലിക്കുന്നതില്‍ വിദഗ്ധരായ ആദിവാസി ഇഡിസി വാച്ചര്‍മാരും പഠനത്തിന്റെ ഭാഗമാകുമെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നക്ഷത്ര ആമകളെ വീടുകളില്‍ വളര്‍ത്തുന്നത് സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സഹായകമാകുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ വീടുകളില്‍ വളര്‍ത്തുന്നതിനായി നക്ഷത്ര ആമകളെ വിദേശത്തേയ്ക്കു കടത്താറുണ്ട്. നിലവില്‍ കേരളത്തില്‍ എവിടെയെങ്കിലും നക്ഷത്ര ആമകളെ വില്‍ക്കുന്നതു കണ്ടാല്‍ അവയെ പിടികൂടി നക്ഷത്ര ആമകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെത്തിക്കുകയാണ് പതിവ്. ഇത്തരത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നാനൂറിലധികം നക്ഷത്ര ആമകളെയാണ് പുനരധിവസിപ്പിച്ചിട്ടുള്ളത്.

2015 ഓഗസ്റ്റില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു നിന്നും വിരിഞ്ഞിറങ്ങി ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള 200 നക്ഷത്ര ആമകളെ പിടികൂടിയിരുന്നു. ഇതില്‍ 199 നക്ഷത്ര ആമകളെയും ചിന്നാര്‍ വന്യ ജീവി സങ്കേതത്തിലെത്തിച്ചു പുനരധിവസിപ്പിക്കാനായതായും ഇത്തരത്തില്‍ ഒരു വര്‍ഷം നീണ്ട പുനരധിവാസ പ്രക്രിയയിലൂടെ നക്ഷത്ര ആമകളെ രക്ഷിക്കാന്‍ കഴിഞ്ഞതു ഈ രംഗത്തെ ശക്തമായ ഇടപെടലിന്റെ ഭാഗമാണെന്ന് ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു പറയുന്നു.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെത്തിക്കുന്ന നക്ഷത്ര ആമകളെ സ്വഭാവിക ആവാസ വ്യവസ്ഥയിലേക്കുമാറ്റിയെടുക്കുന്നത് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീളുന്ന തുടര്‍ പ്രക്രിയയാണെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. സാധാരണയായി കള്ളിച്ചെടി വര്‍ഗത്തില്‍പ്പെടുന്ന കാക്ടസ്, വരണ്ട പ്രദേശങ്ങളിലെ നിലങ്ങളില്‍ പടര്‍ന്നു വളരുന്ന എലുംബൊട്ടി, തവിഴാമ എന്നിവയാണ് നക്ഷത്ര ആമകളുടെ പ്രധാന ഭക്ഷണം. ഇതോടൊപ്പം കാട്ടില്‍ കാണുന്ന ഒച്ചുകളുടെ പുറന്തോടുകളും ഇവ ആഹാരമാക്കാറുണ്ട്.

പുനരധിവാസ പ്രക്രിയയ്ക്കു ശേഷം ചിന്നാറിലെ മഴനിഴല്‍ക്കാടുകളില്‍ സ്വതന്ത്രമാക്കുന്നതിനു മുമ്പ് ഓരോ നക്ഷത്ര ആമകള്‍ക്കും മാര്‍ക്കിങ് അഥവാ തിരിച്ചറിയല്‍ രേഖ നല്‍കാറുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. അനേകം ശല്‍ക്കങ്ങളായി രൂപപ്പെട്ട നക്ഷത്ര ആമയുടെ തോടിന്റെ വശങ്ങളില്‍ ഏതെങ്കിലും ഒരു ശല്‍ക്കത്തിന്റെ അരികില്‍ ചെറിയ രീതിയില്‍ ഉണ്ടാക്കുന്ന ശല്‍ക്കത്തിലൂടെ അവയ്ക്ക് ഓരോ നമ്പര്‍ നല്‍കും. പിന്നീട് ഇവയെ കാട്ടില്‍ വച്ച് കാണുമ്പോള്‍ പരിശോധിച്ച് തിരിച്ചറിയാന്‍ ഇതു സഹായിക്കും. ഇതിനെ സ്‌കൂട്ടിങ് എന്നാണു വിളിക്കുന്നത്. എത്ര വളര്‍ച്ചയെത്തിയാലും ആമകളിലെ സ്‌കൂട്ടിങ് മാറ്റമില്ലാതെ തുടരുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

തെക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന നക്ഷത്ര ആമയുടെ സ്വഭാവിക ആവാസവ്യവസ്ഥയിലുള്ള ശാസ്ത്രീയ പഠനത്തിനു വളരെയധികം പ്രസക്തിയുണ്ടെന്നും ഇത്തരത്തില്‍ വിശാലമായ രീതയിലുള്ള പഠനങ്ങളൊന്നും നക്ഷത്ര ആമകളെക്കുറിച്ചു നടന്നിട്ടില്ലെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി പറയുന്നു.

2016 -ല്‍ ഐയുസിഎന്‍ ചുവന്ന പട്ടികയില്‍ നക്ഷത്ര ആമയുടെ സ്ഥാനം വള്‍നറബിള്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ചിന്നാര്‍ വന്യ ജീവി സങ്കേതത്തിന്റെ തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന വടക്കുകിഴക്കു ഭാഗങ്ങളില്‍ മാത്രമാണ് നക്ഷത്ര ആമകളുടെ സ്വഭാവിക ആവാസവ്യവസ്ഥയുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Forest department to count indian start tortoise