ഇടുക്കി: പെരിയാർ ടൈഗർ റിസർവ്വിലെ ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട പരാതി അവാസ്തവമെന്ന് ദാസ്യപ്പണിക്ക് ഇരയായെന്ന് പറയപ്പെടുന്ന ദളിത് ജീവനക്കാരി. ഡപ്യൂട്ടി ഡയറക്ടർ ശിൽപ്പ വി കുമാർ, തന്നെ പൊന്നുപോലെയാണ് നോക്കുന്നതെന്നും പരാതിക്ക് പിന്നിൽ മറ്റെന്തോ താത്പര്യമെന്നും അവർ പറഞ്ഞു.

മാതൃഭൂമി ന്യൂസിനോടാണ് പഞ്ചവർണ്ണം എന്ന ദിവസ വേതന തൊഴിലാളി ഈ കാര്യം പറഞ്ഞത്. സജിമോൻ സലിം എന്നയാളാണ് ശിൽപ്പ വി കുമാറിനെതിരെ പരാതിയുമായി വനം മന്ത്രി അഡ്വ കെ രാജു, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ സമീപിച്ചത്.

സംഭവം അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വനം വകുപ്പ് മന്ത്രി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ദാസ്യപ്പണിക്ക് ഇരയാക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പഞ്ചവർണ്ണം പരാതി തളളി രംഗത്ത് വന്നത്. സംഭവത്തിൽ ഭീഷണിക്ക് വഴങ്ങിയാണ് പഞ്ചവർണ്ണം നിലപാട് മാറ്റിയതെന്നാണ് സജിമോൻ പറയുന്നത്.

ഓഫീസിലെ ജോലി കഴിഞ്ഞാണ് താൻ ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിൽ ജോലിക്ക് പോകുന്നതെന്ന് പഞ്ചവർണ്ണം പറഞ്ഞു. ഇത് തന്റെ ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. പരാതിക്കാരന് മറ്റെന്തെങ്കിലും രാഷ്ട്രീയം കാണുമെന്നും അതെന്താണെന്ന് ജനങ്ങൾ മനസിലാക്കണമെന്നും പഞ്ചവർണ്ണം വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.