scorecardresearch

ദൗത്യ സംഘത്തിന്റെ പദ്ധതികള്‍ വിജയം; പിടി സെവന്‍ ധോണി ക്യാമ്പില്‍

നേരത്തെ ലോറിയില്‍ കയറ്റുന്നതിന് മുന്‍പ് പിടി സെവന് ബൂസ്റ്റര്‍ ഡോസ് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്‍കിയിരുന്നു

ദൗത്യ സംഘത്തിന്റെ പദ്ധതികള്‍ വിജയം; പിടി സെവന്‍ ധോണി ക്യാമ്പില്‍

പാലക്കാട്: ധോണിയിലിറങ്ങിയ പിടി സെവന്‍ എന്ന ആനയെ ധോണിയിലുള്ള ക്യാമ്പിലെത്തിച്ചു. ധോണിയിലെ പ്രത്യേകം തയാറാക്കിയെ കൂട്ടില്‍ കൊമ്പനെ എത്തിക്കും. നേരത്തെ ലോറിയില്‍ കയറ്റുന്നതിന് മുന്‍പ് പിടി സെവന് ബൂസ്റ്റര്‍ ഡോസ് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്‍കിയിരുന്നു. ആദ്യ ഡോസിന്റെ മയക്കത്തില്‍ നിന്ന് ഉണര്‍ന്നതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.

ജനവാസകേന്ദ്രത്തിനും കാടിനും ഇടയിലായിരുന്നു പിടി സെവന്‍ ഉണ്ടായിരുന്നത്. ഏകദേശം 50 മീറ്റര്‍ ദൂരത്ത് നിന്ന് ഇന്ന് രാവിലെ 7.10 ഓടെയാണ് മയക്കുവെടിവച്ചത്. ഇടത് ചെവിക്ക് താഴെയായാണ് മയക്കുവെടിയേറ്റത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റിയത്. പിടി സെവന്റെ കണ്ണുകള്‍ കറുത്ത തുണി വച്ച് മറച്ചിരുന്നു.

അനുകൂല സാഹചര്യമുണ്ടായാല്‍ ഉടന്‍ തന്നെ വെടിവയ്ക്കാനായിരുന്നു ദൗത്യസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ആളുകളെയെല്ലാം പ്രദേശത്ത് നിന്ന് മാറ്റുന്നുണ്ട്. ധോണിയിലെ ക്യാമ്പിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആനയെ എത്തിച്ചുകഴിഞ്ഞാല്‍ കൂടിന്റെ ഇഴകള്‍ അഴിക്കുന്നതിനായി ക്രെയിന്‍ എത്തിച്ചു.

ക്യാമ്പില്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ആദ്യ ദിനം ആനയെ പിടിക്കാന്‍ കഴിയാത്തത് ഉചിതമായ സ്ഥലത്ത് കിട്ടാത്തതിനാലാണെന്ന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടിക്കാനായി ഉള്‍വനത്തിലേക്ക് പോയത്.

72 അംഗ വനപാലകരാണ് പിടി 7 നെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനായിരുന്നു തീരുമാനം.

നാലു വർഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി 7 എന്ന ഒറ്റക്കൊമ്പൻ. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ ആന ചവിട്ടിക്കൊന്നിരുന്നു. നിരവധി പേർ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ഏക്കർ കണക്കിനു കൃഷിയാണ് ഈ കാട്ടുകൊമ്പൻ നശിപ്പിച്ചത്.

പിടി 7 നെ പിടികൂടണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം വനംവകുപ്പ് എടുത്തെങ്കിലും പിന്നീട് മാറ്റി. ഇതോടെ ജനരോഷം ശക്തമായി. തുടർന്നാണു പിടി 7 നെ പിടികൂടാൻ ദൗത്യസംഘത്തെ നിയോഗിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Forest department pt seven elephant palakkad dhoni updates