കൊച്ചി: അക്ഷരങ്ങളുടെ ലോകം അന്യമായ ആദിവാസികളെ അക്ഷരം പഠിപ്പിക്കാനുള്ള പദ്ധതിയുമായി വനം വകുപ്പ്. ചിന്നാര്‍ വന്യജീവി സങ്കേതം അധികൃതരുടെ നേതൃത്വത്തിലാണ് എഴുത്തും വായനയും അറിയാത്ത ആദിവാസികളെ അക്ഷരം പഠിപ്പിക്കാനുള്ള അക്ഷരവെളിച്ചമെന്ന പ്രത്യേക പദ്ധതിക്കു തുടക്കമിട്ടത്. സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതും സാഹചര്യങ്ങള്‍കൊണ്ടു വിദ്യാഭ്യാസം അന്യമായതുമായ ആദിവാസികളെ അക്ഷരം പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചിന്നാര്‍ വന്യ ജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു പറഞ്ഞു.

അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് പോലും സ്വന്തം പേരെഴുതി ഒപ്പിടാനാവാത്ത സാഹചര്യമായിരുന്നു ആദിവാസി കുടികളിലെ ഭൂരിഭാഗവും അനുഭവിച്ചിരുന്നത്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളില്‍ മുതിര്‍ന്നവര്‍ അക്ഷരം പഠിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുക കൂടി ചെയ്തതോടെയാണ് അക്ഷരം പഠിപ്പിക്കാനായി പദ്ധതി ആവിഷ്‌കരിക്കുന്നതിലേക്കു കാര്യങ്ങളെത്തിയത്. തുടര്‍ന്നാണ് അക്ഷരവെളിച്ചമെന്ന പദ്ധതി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കുടികളിലൊന്നായ ആലാംപെട്ടിയില്‍ തുടങ്ങിയത്.

ആലാംപെട്ടി ഇഡിസി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ സുജേഷ് കുമാറിന്റെ ആശയമായിരുന്നു അക്ഷരവെളിച്ചമെന്ന പദ്ധതി. തുടര്‍ന്ന് സുജേഷിന്റെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു. പകല്‍ സമയത്തു മുതിര്‍ന്നവരില്‍ ഭൂരിഭാഗവും മറ്റു ജോലികള്‍ ചെയ്യുന്നതിനാല്‍ രാത്രി 6 മണിക്ക് ശേഷം മാത്രം പഠന ക്ലാസുകള്‍ നടത്തുകയായിരുന്നു. അക്ഷരവെളിച്ചം പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ദിവസവും 35 പേര്‍ സ്ഥിരമായി ക്ലാസില്‍ വരുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ ‘അക്ഷര വെളിച്ചം’ ക്ലാസിലെ വിദ്യാര്‍ഥികളായുണ്ട്.

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ 3 വര്‍ഷമായി തുടര്‍ന്നു വരുന്ന വാത്മീകം പിഎസ്സി കോച്ചിങ് അധ്യാപകനായ അനിലാണ് അക്ഷരവെളിച്ചം ക്ലാസുകള്‍ നയിക്കുന്നത്. അക്ഷരാഭ്യാസത്തിന്റെ തോതനുസരിച്ചു വിവിധ വിഭാഗങ്ങളായാണ് എഴുത്തും, വായനയും പഠിപ്പിക്കുന്നത്. സ്വന്തമായി പേരെഴുതി ഒപ്പിടാന്‍ കഴിഞ്ഞ സന്തോഷത്തില്‍ തുടര്‍ന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുന്നത് വരെ പഠിക്കണമെന്നാണ് പഠിതാക്കളുടെ സംഘത്തില്‍ സീനിയറായ ചിന്നന്‍ ഉള്‍പ്പടെയുള്ള മിക്കവരുടെയും ആഗ്രഹം. ഇതിലൂടെ കോളനിക്കാര്‍ക്കായി വനം വകുപ്പ് സ്ഥാപിച്ച ബോധി വായനാശാല ഏവര്‍ക്കും പ്രയോജനപ്പെടുത്താനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

വിജയകരമാണെന്നു കണ്ടെത്തിയാല്‍ മറ്റു കുടികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി.എം.പ്രഭു പറഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലുള്ള 11 ആദിവാസി കോളനികളിലായി ഏതാണ്ട് 1800-ഓളം പേരാണുള്ളത്. തായണ്ണന്‍കുടി, മുളങ്ങാമുട്ടി, വെള്ളക്കല്‍, പുതുക്കുടി, ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, ആലാംപെട്ടി, പാളപ്പെട്ടി, ചമ്പക്കാട്, മാങ്ങാപ്പാറ, ഒള്ളവയല്‍ എന്നിവയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസിക്കുടികള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ