തൊടുപുഴ: ആനത്താരകൾ നഷ്ടമാവുകയും വനനശീകരണം ശക്തിപ്പെടുകയും ചെയ്തതിന് പിന്നാലെ കാട്ടാന ആക്രമണങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുമ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന കാട്ടാനകളെ തുരത്താന്‍ മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍ പുതിയ വഴി തേടന്നു. മൃഗ- മനുഷ്യ സംഘർഷം ഒഴിവാക്കാനുളള വഴികളാണ് വനം വകുപ്പ് തേടുന്നത്. പൊതുവേ മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏറ്റവും കുറവുള്ള മേഖലകളിലൊന്നായ മാങ്കുളത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് മാങ്കുളം ഡിഎഫ്ഒ ബി എന്‍ നാഗരാജിന്റെ നേതൃത്വത്തില്‍ വേറിട്ട പദ്ധതി പരീക്ഷിക്കാനൊരുങ്ങുന്നത്.

കാട്ടാനകളെ തുരത്താന്‍ സാധാരണ വനമേഖലകള്‍ അതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ സോളാര്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കാറാണു പതിവ്. ഇത്തരം ഈ വേലികളില്‍ തട്ടുമ്പോള്‍ ആനകള്‍ക്കു ഷോക്കേല്‍ക്കുകയും അവ പിന്തിരിയുകയുമാണ് ചെയ്യുക. എന്നാല്‍ ഇത്തരത്തില്‍ ഷോക്കേല്‍ക്കുന്നത് ആനകളെ അക്രമകാരികളാക്കുന്നുമുണ്ട്. പലപ്പോഴും വലിയ തടിക്കഷണങ്ങള്‍ കൊണ്ടുവന്നു സോളാര്‍ വേലികളില്‍ അടിച്ചു വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ കടക്കുന്നതു പതിവാണെന്നും വനപാലകര്‍ പറയുന്നു. അതുകൊണ്ടു തന്നെയാണ് ബദല്‍ മാര്‍ഗം പരീക്ഷിക്കാന്‍ മാങ്കുളം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചതും.

fencing,mankulam, wild elephant

നിര്‍ദിഷ്ട ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രദേശം

ആനക്കുളത്തിനു സമീപത്തു നിന്നെത്തുന്ന കാട്ടാനകള്‍ ചിലപ്പോള്‍ ആറിനു സമീപത്തുള്ള തുറന്നു കിടക്കുന്ന പ്രദേശത്തുകൂടി ജനവാസകേന്ദ്രങ്ങളില്‍ പ്രവേശിച്ചു കൃഷി നാശം ഉണ്ടാക്കാറുണ്ട്. ഇതിനു തടയിടാനാണ് പുതിയ സംവിധാനത്തിലൂടെ മാങ്കുളം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ പദ്ധതിയിടുന്നതും.
ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് എന്നു പേരിട്ടിട്ടുള്ള പ്രത്യേക വേലി ആനക്കുളം മുതല്‍ വലിയപാറക്കുട്ടി വരെയുള്ള ഭാഗത്തായി ആനക്കുളം നദിയുടെ കരയിലായാണ് സ്ഥാപിക്കുക. ഗാല്‍വനൈസ്ഡ് സ്റ്റീല്‍ റാഡുകളില്‍ അയണ്‍ റോപ്പുകള്‍ കോര്‍ത്തു സിമിന്റ് ഉപയോഗിച്ച് തറയില്‍ ഉറപ്പിക്കുന്നതാണ് പദ്ധതി. ബലവത്തായ സ്റ്റീല്‍ റാഡുകള്‍ മിനുസമുള്ളതുകൊണ്ടുതന്നെ ആനകള്‍ അടിച്ചാലും ഇവയ്ക്കു തകര്‍ന്നു വീഴുകയില്ല. സ്റ്റീല്‍ റോഡുകള്‍ക്കിടയില്‍ കോര്‍ക്കുന്ന റോപ്പില്‍ ഗ്രീസ് തേയ്ക്കുന്നതിനാല്‍ ആനകള്‍ പിടിക്കാനുമാവില്ല. ഇത്തരത്തില്‍ ആനകള്‍ക്കു ഹാനികരമാകാത്ത തരത്തിലുള്ള ഫെന്‍സിംഗ് സ്ഥാപിക്കുന്നതിലൂടെ ആനകള്‍ ജനവാസ കേന്ദ്രത്തിലേക്കു പ്രവേശിക്കുന്നതു തടയാനാകുമെന്ന് മാങ്കുളം ഡിഎഫ്ഒ ബി എന്‍ നാഗരാജ് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടായ അമ്പതു ലക്ഷം രൂപ ഉപയോഗിച്ചാണ് കാട്ടാന ശല്യം നിയന്ത്രിക്കാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നത്.

വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളെ അടുത്തുകാണാനാവുന്ന കേരളത്തിലെ സ്ഥലങ്ങളിലൊന്നാണ് മാങ്കുളത്തിനു സമീപമുള്ള ആനക്കുളം. സമീപത്തെ വനത്തില്‍ നിന്നെത്തുന്ന ആനകള്‍ നിരനിരയായി എത്തി നദിയിലെ പ്രത്യേക ഭാഗത്തുനിന്ന് വെള്ളംകുടിക്കുന്നതു നിത്യകാഴ്ചയാണ് ഇവിടെ. ആനക്കുളം നദിയുടെ പ്രത്യേക ഭാഗത്തു നിന്നുള്ള ഓരുവെള്ളത്തിന് ഉപ്പുരസമുള്ളതിനാലാണ് കാട്ടാനകള്‍ ഇവിടെ വെള്ളംകുടിക്കാന്‍ കാരണമെന്നു വനപാലകര്‍ പറയുന്നു. ആനക്കുളം ടൗണിനു തൊട്ടു സമീപത്താണ് ആനകള്‍ വെള്ളം കുടിക്കാനെത്തുന്നതെങ്കിലും ഇവിടെ ആനകളും മനുഷ്യരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്ന് ആനക്കുളം റേഞ്ച് ഓഫീസര്‍ ബി അശോക് രാജ് പറയുന്നു. ആനകള്‍ വെള്ളംകുടിക്കാനെത്തുന്നതു കാണാനെത്തുന്ന സഞ്ചാരികള്‍ കാട്ടാനകളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ നാട്ടുകാര്‍ തന്നെ ഇതു തടയും. കാരണം കാട്ടാനകളുമായി ഒരു ഏറ്റുമുട്ടലുണ്ടായാല്‍ ഇവിടെ ജീവിക്കാനാവില്ലെന്നു നാട്ടുകാര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് അവര്‍ ആനകളെ ശല്യം ചെയ്യാത്തത്, അശോക് രാജ് പറയുന്നു.
അതേസമയം ഇടുക്കി ജില്ലയിലെ മൂന്നാറിലും സമീപ പ്രദേശങ്ങളിലും കാട്ടാന ആക്രമണം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.ജനവാസ കേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടാനകളെ തുരത്താനായി കുങ്കി ആനകളുടെ ഉള്‍പ്പടെ സഹായം തേടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ