കോഴിക്കോട്: ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്സിങ് വിഭാഗത്തില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസില്‍ പ്രസംഗ പീഠത്തില്‍ പാമ്പിനെവെച്ചാണ് വാവ സുരേഷ് സംസാരിച്ചത്.
നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ വനം വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 2, 9 എന്നിവ പ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് വാവ സുരേഷിന് വനം വകുപ്പ് നോട്ടീസും അയക്കും.
അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിന്റെ രീതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി തവണ വാവ സുരേഷിന് പാമ്പുകടിയേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ദിവസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.