തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലിഗയുടെ സംസ്കാരം ഇന്ന് നടക്കും. തൈക്കാട് ശാന്തികവാടത്തിൽ നാല് മണിക്കാണ് സംസ്‌കാരം. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഞായറാഴ്ച തിരുവനന്തപുരത്ത് ലിഗ അനുസ്‌മരണ പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വിഷാദ രോഗം ബാധിച്ച ലിഗയെ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്നും ഇവരെ കാണാതായി. പിന്നീട് ഒരു മാസത്തിന് ശേഷം ആളൊഴിഞ്ഞ പൊന്തക്കാട്ടിലാണ് ലിഗയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്ത് വൻ വിവാദത്തിന് വഴിവച്ച സംഭവമായി ഇത് മാറി. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ സ്ഥിരമായി ഒത്തുകൂടുന്ന നാലുപേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടന്നത്.
ലിഗ പൊന്തകാട്ടിൽ എത്തിയതാണെന്നും മയക്കുമരുന്നു നൽകിയെന്നും പണം നല്‍കാത്തിന്റെ പേരിൽ പിടിവലിയുണ്ടായപ്പോള്‍ പിടിച്ചു തള്ളിയെന്നുമാണ് ഇവരിൽ ഒരാൾ മൊഴി നൽകിയിരിക്കുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും ഇവിടെ നിന്ന് കിട്ടിയ മുടിയുടെയും വിരലടയാളങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലവും കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ. കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാൽ അറസ്റ്റ് വൈകുകയാണ്.
അതേസമയം, ലിഗയുടെ മൃതദേഹം സംസ്കരിച്ചാൽ ചിതാഭസ്‍മവുമായി എലിസ അടുത്ത ആഴ്ച ജന്മനാടായ ലാത്‌വിയയിലേക്ക് മടങ്ങും. ലിഗയുടെ ആഗ്രഹപ്രകാരം പൂന്തോട്ടത്തിൽ ചിതാഭസ്മം സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.