തിരുവനന്തപുരം: ലിഗയുടേത് അസ്വാഭാവിക മരണമാണെന്ന് ആവർത്തിച്ച് സഹോദരി എലിസ. സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത് ലിഗയുടേത് കൊലപാതകമാണെന്നാണ്. മരണത്തില്‍ ഉന്നയിച്ച അസ്വഭാവികതയില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നാണ് പറയുന്നതെങ്കില്‍ റീപോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്നും എലിസ പറഞ്ഞു.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഒതളമരം വ്യാപകമായുണ്ട്. മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ള ലിഗ ഒതളങ്ങ കഴിച്ചിരിക്കാനുള്ള സാധ്യത പൊലീസ് സംശയിക്കുന്നു. ഇതാണ് എലിസ തളളിയത്.

ലിഗയെ കാണാതായ സംഭവത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം ആരോപിച്ചു. കരഞ്ഞു പറഞ്ഞിട്ടും ആദ്യ ഘട്ടത്തിൽ ഡിജിപി അടക്കമുളളവർ ലിഗയെ കാണാതായ വിവരം ഗൗരവമായി കണക്കിലെടുത്തില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എലിസ കുറ്റപ്പെടുത്തി.

എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ലിഗ 24 മണിക്കൂറിനുളളിൽ തിരിച്ചു വരുമെന്ന് പൊലീസ് ചിരിച്ചുകൊണ്ടു പറഞ്ഞു. ലിഗ കടുത്ത വിഷാദത്തിലാണ് എന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഡിജിപി അടക്കമുളളവരെ കണ്ട് കാര്യങ്ങൾ പറഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമല്ലായിരുന്നു. ലിഗയെ കാണാതായ അന്നുതന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. 10 ദിവസം കഴിഞ്ഞാണ് കൃത്യമായ അന്വേഷണം നടന്നത്. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് എലിസ പറഞ്ഞു.

കോവളം ബീച്ചിൽനിന്നും ആറ് കിലോമീറ്റര്‍ അകലെയുളള ഇത്തരമൊരു പ്രദേശത്ത് ലിഗ എങ്ങനെ എത്തിപ്പെട്ടു. ഈ സ്ഥലത്തെക്കുറിച്ച് വ്യക്തമായി പരിചയമുളള ഒരാളുടെ സഹായമില്ലാതെ അവൾക്കവിടെ എത്താൻ കഴിയില്ല. പകല്‍ സമയത്ത് പോലും പ്രദേശവാസികള്‍ എത്താന്‍ പേടിക്കുന്ന ഇവിടേക്ക് ലിഗ ഒരിക്കലും ഒറ്റയ്ക്ക് എത്തില്ല. ഇതൊക്കെയാണ് ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണമെന്നും എലിസ പറഞ്ഞു.

ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പൊലീസിൽനിന്നും ഉണ്ടായ അലംഭാവം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. മരണവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുന്നത് വരെ പോരാടുമെന്നും എലിസ പറഞ്ഞു.

തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ലാത്‌വിയ സ്വദേശി ലിഗ(33)യുടേതായിരുന്നു മൃതദേഹം. ലിഗയുടെ കഴുത്തിലോ ശരീരഭാഗങ്ങളിലോ കുത്തോ വെട്ടോ ഏറ്റിട്ടില്ല.

മാർച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. കാണാതായ ദിവസം ലിഗ കോവളത്ത് ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങുന്നതിന്റെയും സിഗരറ്റ് വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.