തിരുവനന്തപുരം: കേരളത്തിൽ കൊല്ലപ്പെട്ട ലാത്‌വിയൻ സ്വദേശിയായ യുവതിയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. സഹോദരിയുടെയും കൂട്ടുകാരന്റെയും സാന്നിദ്ധ്യത്തിലായിരുന്ന സംസ്കാരം. ചിതാഭസ്മവുമായി സഹോദരി അടുത്ത ആഴ്ച തിരികെ പോകുമെന്ന് അറിയിച്ചു.

എന്നാൽ കൊല്ലപ്പെട്ട വിദേശയുവതിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്തുവന്നു.. ക്രിസ്ത്യൻ മതവിശ്വാസ പ്രകാരം ദഹിപ്പിക്കുകയില്ലെന്നും അതിനാൽ അടക്കം ചെയ്യണമെന്നും കമ്മീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു.

വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. ക്രൈസ്തവ മതവിശ്വാസികൾ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും ഉത്തരവിൽ പറയുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. ഒരാഴ്ചയ്ക്കകം നടപടി റിപ്പോർട്ട് ഫയൽ​ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശ വനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തുവെങ്കിലും മരണകാരണങ്ങൾ പൂർണമായും പുറത്തുകൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് കമ്മീഷനിൽ ലഭിച്ച പരാതിയിൽ​ പറയുന്നു. സംസ്കാരത്തിന് മുമ്പ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടില്ലെന്നും ചിലരെ കസ്റ്റഡിയിലെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ഭൗതികശരീരം ദഹിപ്പിക്കാൻ തിരക്ക് കാണിച്ചതായും ബി ജെ പി നേതാവിന്റെ പരാതിയിൽ പറയുന്നു.

എന്നാൽ സംസ്കാരം കഴിഞ്ഞ ശേഷമാണ് കമ്മീഷന്റെ ഉത്തരവ് ലഭിച്ചതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. ഉത്തരവുമായി ബി ജെ പി ജില്ലാ പ്രസിഡന്റ് ശാന്തികവാടത്തിലെത്തുമ്പോഴേയ്ക്കും സംസ്കാര ചടങ്ങുകൾ കഴിഞ്ഞിരുന്നു.

ഇന്ന് ഉച്ചയോടെ ഡി ജി പി വാർത്താസമ്മേളനം നടത്തി പ്രതികളുടെ അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ വിഷാദ രോഗത്തിന് ചികിത്സയ്ക്കായി എത്തിയ ലാത്‌വിയൻ യുവതിയെ മാർച്ച് പതിനാല് മുതലാണ് കാണാതാവുന്നത്. കാണാതാകുമ്പോൾ പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.