തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദേശ വനിതയുടെ സഹോദരിയെ കാണാൻ സമ്മതിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ച ലിഗയുടെ സഹോദരി എലിസയെ കാണാൻ സമ്മതിക്കാതെ മണിക്കൂറോളം നിർത്തി എന്നത് വ്യാജ വാർത്തകളാണ്. ഇത്തരം വ്യാജ വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇപ്പോൾ കൂടുതലായി പുറത്തുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലിഗയുടെ കുടുംബം എത്തിയപ്പോൾ ഞാൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഡിജിപി അവർക്ക് താമസിക്കാനുളള എല്ലാ സൗകര്യങ്ങളും ചെയ്്തു കൊടുത്തു. താൻ കാണാൻ സമ്മതിച്ചില്ലെന്ന് ലിഗയുടെ കുടുംബം പറഞ്ഞിട്ടില്ലെന്നും ലിഗയുടെ മരണത്തിലെ ദുരൂഹത നീക്കാനുളള എല്ലാ നടപടികളും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിഗയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സഹോദരി എലിസ ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മുന്‍കൂട്ടി സമയം നിശ്ചയിച്ചെത്തിയിട്ടും മുഖ്യമന്ത്രി കുടുംബത്തെ കാണാന്‍ കൂട്ടാക്കിയില്ലെന്നും നിയമസഭയുടെ മുൻപിൽ മൂന്നു മണിക്കൂർ കാത്തുനിന്നുവെന്നും എലിസയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പറഞ്ഞിരുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും എലിസയുടെ മുന്നിലൂടെ മുഖ്യമന്ത്രി മൗനം പാലിച്ച് നടന്നുനീങ്ങിതായും ആശ്വതി ആരോപിച്ചു.

തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ലാത്‌വിയ സ്വദേശി ലിഗ(33)യുടേതായിരുന്നു മൃതദേഹം. ലിഗയുടെ കഴുത്തിലോ ശരീരഭാഗങ്ങളിലോ കുത്തോ വെട്ടോ ഏറ്റിട്ടില്ല.

മാർച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. കാണാതായ ദിവസം ലിഗ കോവളത്ത് ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങുന്നതിന്റെയും സിഗരറ്റ് വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ