തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയിൽ​വിട്ടു. നെയ്യാറ്റിൻകരജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ ഉത്തരവ്.

ഏപ്രിൽ 25 ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത തന്നെ ക്രൂരമായി മർദിച്ചുവെന്നാണ് പ്രതി ഉമേഷിന്റെ പരാതി. ഉമേഷ് മജിസ്ട്രേറ്റിന് നേരിട്ട് പരാതി നൽകുകയായിരുന്നു.പ്രതികൾക്ക് ആവശ്യമെങ്കിൽ വൈദ്യ സഹായം നൽകാൻ കോടതി ഉത്തരവിട്ടു.

പൊലീസ് മർദനത്തെ തുടർന്നാണ് കുറ്റമേറ്റതെന്നാണ്  ആരോപണം. പ്രതിയായ ഉമേഷ് കോടതിയോട് ക്രൂരമാർ മർദനമുണ്ടായതിനെ കുറിച്ച് പറഞ്ഞതിനെ തുടർന്ന് പരാതി എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ലാത്‌വിയൻ സ്വദേശിയായ യുവതി വിഷാദ രോഗ ചികിത്സയ്ക്കാണ് സഹോദരിക്ക് ഒപ്പം കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോട്ട ധർമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മാർച്ച് 14 ന് ആണ് കാണാതാകുന്നത്. ആശുപത്രിയിൽ നിന്നും ഇറങ്ങിയ അവർ ഓട്ടോറിക്ഷ പിടിച്ച് കോവളത്ത് എത്തിയതായി ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തിനപ്പുറം മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഏപ്രിൽ 21 നാണ് തിരുവനന്തപുരം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടൽ കാട്ടിൽ നിന്നും വിദേശയുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ​കണ്ടെത്തിയത്. തുടർന്ന് പരിശോധനകളിൽ കാണാതായ ലാത്‌വിയൻ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു.

കഴിഞ്ഞദിവസമാണ് ഉമേഷ്, ഉദയൻ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടത്. കൊലപാതകം, ബലാൽസംഗം എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയിട്ടുളളത്. സഹോദരിയുടെയും ഭർത്താവിന്റെയും ആഗ്രഹ പ്രകാരം യുവതിയുടെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.

Read More: കൊല്ലപ്പെട്ട വിദേശ യുവതിയുടെ  സഹോദരിയുടെ കേരളത്തിലെ ​ അനുഭവങ്ങൾ: ഒരു തിരോധാനത്തിന്റെ ഡയറിക്കുറിപ്പുകൾ

രണ്ടാം ഭാഗം: അവളെത്തേടി, കേരളം മുഴുവന്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.