തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ പിതൃസഹോദരന്‍ ബിയര്‍ കുടിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തത്. കുട്ടിയുടെ ഇളയച്ഛന്‍ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനുവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മനുവിനെ കുടുക്കിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വഴിയില്‍ വച്ചാണ് കുട്ടിയെ ബിയര്‍ കുടിക്കാന്‍ മനു നിര്‍ബന്ധിച്ചത്. ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തിരുവോണ ദിവസത്തിലായിരുന്നു സംഭവം.
കുട്ടിയേയും കൂട്ടിയാണ് മനു മദ്യം വാങ്ങാന്‍ ബിവറേജസില്‍ പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്. ഇതിന് മുന്‍പും മനും കുട്ടിയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.