കൊച്ചി: ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഭക്ഷണശാലകളിലെ ബില്ലുകളിന്മേല് സ്വന്തം ഇഷ്ടത്തിനു സര്‍വിസ് ചാര്‍ജ് ഈടാക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിതമായി സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി ഉറപ്പുനല്കുകയാണു ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി സി പി എ).
സമാന രീതിയിലുള്ള നിരവധി പരാതികളുണ്ടായ സാഹചര്യത്തിലാണു സി സി പി എയുടെ തീരുമാനം. പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലര്ക്ടര്മാര്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എങ്ങനെ പരാതിപ്പെടാം?
ഭക്ഷണബില്ലിന്മേല് ഹോട്ടലുകളും റസ്റ്റോറന്റുകളും നിര്‍ബന്ധിതമായി സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ പരാതി സമര്‍പ്പിക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്. ഉപഭോക്തൃ കമ്മിഷനിലും കലക്ടര്‍ക്കു നേരിട്ടും പരാതി നല്‍കാം.
അല്ലെങ്കില്‍, ദേശീയ ഉപഭോക്തൃ ഹെല്പ് ലൈന്‍ നമ്പര്‍ ആയ 1915 ലോ ദേശീയ ഉപഭോക്തൃ ഹെല്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനിലോ പരാതി സമര്‍പ്പിക്കാം. ഇ-ദാഖില്‍ പോര്‍ട്ടലായ http://www.edaakhil.nic.in അല്ലെങ്കില്‍ com-ccpa@nic.in വിലാസങ്ങളില്‍ ഇലക്ട്രോണിക്കായും പരാതി നല്‍കാം.
എന്താണ് സര്‍വിസ് ചാര്‍ജ്?
ഭക്ഷണശാലകളില്‍ ഭക്ഷണവിലയോടൊപ്പം അതിന്റെ ജി എസ് ടിയും മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍ ചില ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍ സര്‍വിസ് ചാര്‍ജ് എന്ന പേരില്‍ അധികമായി ഒരു തുക ഈടാക്കാറുണ്ട്. ഇതു നിയമ ലംഘനമാണ്.
ഭക്ഷണത്തിനു നിശ്ചയിച്ചിരിക്കുന്ന തുകയെന്നതു ഭക്ഷണം തയാറാക്കുന്നതിനുള്ള ചെലവ്, വിതരണം ചെയ്യുന്നതിനുള്ള തുക, മറ്റ് ചെലവുകള്‍ എന്നിവ ഉള്പ്പെട്ടതായിരിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.
സര്‍വിസ് ചാര്‍ജ് എന്നത് ഉപഭോക്താക്കള്‍ സ്വമേധയാ നല്‍കേണ്ട പാരിതോഷികമാണ്. സര്‍വിസ് ചാര്‍ജ് നല്‍കുന്നവര്‍ക്കു മാത്രമേ ഭക്ഷണശാലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കാന്‍ പാടില്ല. ഭക്ഷണം വിളമ്പുന്നതിനു സര്‍വിസ് ചാര്‍ജ് നിര്‍ബന്ധമായി നല്‍കണമെന്ന് നിഷ്കര്‍ഷിക്കാന്‍ പാടില്ല. മറ്റു പേരുകളില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കാനും പാടില്ല.
ഇത്തരത്തിലുള്ള ഏതെങ്കിലും നിയമലംഘനങ്ങള്‍ ഉപഭോക്താക്കള്‍ കണ്ടാല്‍ സര്‍വിസ് ചാര്‍ജ് ആയി ഈടാക്കിയ തുക നീക്കം ചെയ്യാന്‍ ഭക്ഷണശാല ഉടമകളോട് ആവശ്യപ്പെടാം.
സി സി പി എ മാര്‍ഗനിര്‍ദേശത്തിനു പിന്നിലെന്ത്?
അന്യായമായ വ്യാപാര രീതികളും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും തടയാന്‍ ലക്ഷ്യമിട്ടാണു സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതിനെതിരായ മാര്‍ഗനിര്‍ദേശം സി സി പി എ പുറത്തിറക്കിയിരിക്കുന്നത്. സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണു ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനില്‍ (എന്‍ സി എച്ച്) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
”സര്‍വിസ് ചാര്‍ജ് നല്കാന് ഉപഭോക്താവിനെ ഒരു ഹോട്ടലും റെസ്റ്റോറന്റും നിര്‍ബന്ധിക്കരുത്. സര്‍വിസ് ചാര്‍ജ് ഇഷ്ടമുണ്ടെങ്കില്‍ ഉപഭോക്താവ് സ്വമേധയാ മാത്രം നല്‍കേണ്ടതും അവരുടെ വിവേചനാധികാരത്തിലുള്ളതുമാണെന്ന് ഹോട്ടൽ, റസ്റ്റോറന്റ് ഉടമകൾ വ്യക്തമായി അറിയിക്കണം,” എന്നാണ് സി സി പി എ മാര്‍ഗനിര്‍ദേശം സംബന്ധിച്ച പ്രസ്താവനയില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞിരിക്കുന്നത്.