scorecardresearch
Latest News

ചരിത്രത്തിലാദ്യം; രാത്രികാല സിറ്റിങ് നടത്തി ഹൈക്കോടതി

അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്

Kerala high court, Justice Devan Ramachandran, Night sitting, ie malayalam

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിങ് നടത്തി. തിങ്കളാഴ്ച രാത്രി 11.30 ന് ഓൺലൈൻ സിറ്റിങ്ങിൽ കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള കപ്പൽ തുറമുഖം വിടുന്നത് തടഞ്ഞു. ചൊവ്വാഴ്ച രാവിലെ കപ്പൽ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്.

അമ്പലമുകൾ എഫ്എസിടിയിലേക്ക് സൽഫറുമായി എത്തിയ എം വി ഓഷ്യൻ റോസ് എന്ന ചരക്ക് കപ്പൽ തുറമുഖം വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു പരാതിപ്പെട്ടു കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്.

സ്ഥാപനത്തിന് നൽകാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവയ്ക്കുകയോ ഈ തുകയ്ക്ക് ആനുപാതികമായ ഈടോ നൽകാതെ കപ്പലിനെ തുറമുഖം വിടാൻ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിർദേശം നൽകി. കോടതി നിർദേശം പതിനഞ്ചു ദിവസത്തിനകം പാലിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഓൺലൈൻ ഫയലിങ്ങി സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.

Read More: ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി; ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചെന്ന് വി.ഡി. സതീശൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: For the first time in history night sitting of the high court