scorecardresearch

മൾട്ടി‌പ്ലക്‌സ് തിയേറ്ററുകളിലെ ഫുഡ് സ്റ്റാളിലെ കൊളളയ്ക്ക് മൂക്കുകയർ വേണോ?

മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിന് ഒരുങ്ങുമ്പോൾ കേരളത്തിലും സിനിമ ആസ്വാദകർ സമാനമായ സർക്കാർ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്

മൾട്ടി‌പ്ലക്‌സ് തിയേറ്ററുകളിലെ ഫുഡ് സ്റ്റാളിലെ കൊളളയ്ക്ക് മൂക്കുകയർ വേണോ?
വരുൺ അരോളി

കുടുംബത്തോടൊപ്പം ഒരു സിനിമ കാണുക… ഇന്നത് നല്ലൊരു ശതമാനം ആളുകൾക്കും ഒരു ഔട്ടിംഗിന് സമാനമാണ്. മികച്ച കാഴ്ചയും ശബ്‌ദ സംവിധാനവും ഉളളതിനാൽ മിക്കവരും ഇന്ന് ഇതിനായി ആശ്രയിക്കുന്നതാകട്ടെ മൾട്ടിപ്ലക്സ് തിയേറ്ററുകളെയും. എന്നാൽ മൾട്ടിപ്ലക്സുകളോട് ചേർന്ന് കിടക്കുന്ന ഫുഡ്കോർട്ടുകളിൽ നിന്ന് ഒരു കുപ്പി വെളളമോ, മറ്റ് ഭക്ഷണ സാധനങ്ങളോ വാങ്ങിക്കാൻ മടിക്കുന്നവരാണ് ഏറെയും.

30-35 രൂപ മാത്രം വില വരുന്ന പോപ് കോണിന് 150 മുതൽ 250 രൂപ വരെയും 10 രൂപ മാത്രം വില വരുന്ന കാപ്പിക്ക് 30-35 രൂപ വരെയും നൽകേണ്ടി വരുമ്പോൾ ആരായാലും അതിനൊന്ന് മടിക്കും. സമാനമായ നിലയിൽ മുംബൈയിലും മൾട്ടിപ്ലക്സ് തിയേറ്ററുകൾക്കത്ത് ഉയർന്ന വിലയാണ് ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്. ഇതിനെതിരെയാണ് ജൈനേന്ദ്ര ബക്‌സി ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ വാദം കേട്ട ജസ്റ്റിസുമാരായ എംഎസ് കർണിക്, എസ്എം കെംകർ എന്നിവർ പരാതിക്കാരന്റെ വാദത്തോട് പ്രതികരിച്ചത്, “ശരിയാണ്, ഞങ്ങൾ ഇത് നേരിട്ട് അനുഭവിച്ചവരാണ്,” എന്നാണ്. മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ഭക്ഷണ വില നിയന്ത്രിക്കണമെന്ന കോടതി നിർദ്ദേശത്തോട്, പ്രത്യേക നിയമനിർമ്മാണം നടത്താമെന്ന ഉറപ്പാണ് മഹാരാഷ്ട്ര സർക്കാർ നൽകിയത്.

ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഐഇ മലയാളം കേരളത്തിലെ സിനിമ ആസ്വാദകരോട് നടത്തിയ അന്വേഷണത്തിലും ഭക്ഷണ വിലയോട് കടുത്ത വിയോജിപ്പാണ് എല്ലാവരും നടത്തിയത്.

ആഷിൻ തമ്പി

“150 രൂപയുടെ ടിക്കറ്റ് എടുത്തു മൾട്ടിപ്ലെക്സിൽ സിനിമ കാണാൻ പോയാൽ 200 രൂപയ്ക്ക് മുകളിലാവും ഒരു പോപ്‌കോണും ചായയും മേടിച്ചാൽ! ഇതൊന്നും വാങ്ങിക്കേണ്ട എന്നാണ് പറയുന്നത് എങ്കിൽ, ഒരു കുപ്പി വെള്ളം എങ്കിലും കൈവശം വെക്കണ്ടേ? അതിനാണ് എങ്കിൽ 100 രൂപയുടെ അടുത്താണ് വില. അതിന്റെ പേരിൽ ഒരാൾ കേസ് കൊടുത്തപ്പോൾ ആണ് മൾട്ടിപ്ലെക്സിൽ കുടിവെള്ളത്തിനു സംവിധാനം തന്നെ വന്നത്. ഇല്ലായിരുന്നേൽ ഇന്നും സ്ഥിതി അധോഗതിയായേനെ! ഇനി എങ്ങാനും നമ്മൾ എന്തിനാണ് ഇത്രയും റേറ്റ് എന്നു ചോദിച്ചാൽ അവർ മൾട്ടിപ്ലെക്സിൽ കട നടത്തുന്നവരുടെ ദുരന്തങ്ങൾ ഓരോന്നായി പറയാൻ തുടങ്ങും! 150 രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നവന് 200 രൂപയ്ക്ക് പോപ്‌കോണ് ഒക്കെ മേടിക്കാൻ കഴിയും എന്ന ചില ന്യായീകരണങ്ങൾ കേൾക്കുമ്പോൾ കരഞ്ഞു പോകും,” എന്നാണ് എറണാകുളം സ്വദേശിയായ ആഷിൻ തമ്പി അഭിപ്രായപ്പെട്ടത്.

ക്രിസ്റ്റി മകൾ സാറയ്ക്ക് ഒപ്പം

തന്റെ മൂന്ന് വയസുകാരിയായ മകൾ സാറയുമൊത്ത് സിനിമ കാണാൻ പോയ പല സന്ദർഭങ്ങളിലും സുരക്ഷ ഗാർഡുമാരോട് വാഗ്വാദം നടത്തേണ്ടി വന്നിട്ടുണ്ടെന്നാണ് ഇൻഫോപാർക്കിലെ ഫിൻജന്റ് കമ്പനിയിലെ ജീവനക്കാരിയായ കോതമംഗലം സ്വദേശിനി ക്രിസ്റ്റി പറഞ്ഞത്. “കുട്ടികൾക്കുളള ഭക്ഷണ സാധനങ്ങളൊന്നും അവിടെ കിട്ടില്ല. അവൾക്ക് വേണ്ടുന്നത് കൊണ്ടുപോകാനും സമ്മതിക്കില്ല. കുഞ്ഞിന് തിളപ്പിച്ച വെളളം മാത്രമാണ് കൊടുക്കാറുളളത്. എന്നാൽ എപ്പോഴും സെക്യൂരിറ്റി ഗാർഡുമാർ ഇത് തടയും. അവരോട് അടികൂടിയിട്ടാണ് പിന്നെ ഇതുമായി അകത്ത് കടക്കുക,” ക്രിസ്റ്റി പറഞ്ഞു.

ഷഫീഖ് സൽമാൻ

മുൻപ് എറണാകുളത്ത് ജോലി ചെയ്‌തിരുന്ന സമയത്താണ് താൻ മൾട്ടിപ്ലക്‌സുകളിൽ സിനിമ കാണാൻ പോയിരുന്നതെന്ന് ഷഫീഖ് സൽമാൻ ഐഇ മലയാളത്തോട് പറഞ്ഞു. “സിനിമ നന്നായി ആസ്വദിക്കാൻ കഴിയുമെന്നതിനാലാണ് പലപ്പോഴും മൾട്ടിപ്ലക്സുകളെ ആശ്രയിക്കുന്നത്. അന്യായ വിലയായതിനാൽ തന്നെ മിക്കപ്പോഴും ഇവിടെ നിന്ന് ഭക്ഷണമൊന്നും വാങ്ങിക്കാറില്ല. ഒരു പോപ്കോണിന് 100-200-250 രൂപയൊക്കെ വാങ്ങിക്കുന്നതിന്റെ പിന്നിലെ ‘ലോജിക്’ എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിനൊക്കെ ചില മാനദണ്ഡങ്ങളും മര്യാദകളും ഉണ്ടാകേണ്ടതുണ്ട്. ഭക്ഷണ വില മൾട്ടിപ്ലക്‌സുകൾക്ക് അകത്തും പുറത്തും ഏകീകരിക്കണമെന്നും, അതിനൊരു റാങ്കിംഗ് കൊണ്ടുവരണമെന്നുമാണ് എന്റെ അഭിപ്രായം,” അദ്ദേഹം പറഞ്ഞു.

അഡ്വ ജഹാങ്കീർ

മുംബൈയിലേത് പോലെ അത്ര ഗുരുതരമായ സ്ഥിതിയല്ല കേരളത്തിലുളളതെന്നാണ് അഭിഭാഷകനായ ജഹാംഗീർ പറഞ്ഞത്. “ഇവിടെ അതൊരു സാധ്യതയാണ്. മുൻപ് പാർക്കിംഗുമായും വെളളത്തിന്റെ വിലയുമായും ബന്ധപ്പെട്ട് കോടതിയിൽ വാദിച്ചത് ഞാനാണ്. രണ്ട് കേസിലും അനുകൂലമായ വിധിയല്ല ലഭിച്ചത്. വെളളത്തിന് വില കുറയ്‌ക്കണം എന്ന ഹർജി കേട്ട കോടതി കുടിവെളളം ലഭ്യമാക്കണമെന്ന വിധിയാണ് പുറപ്പെടുവിച്ചത്. അതുകൊണ്ട് മിനറൽ വാട്ടർ കമ്പനികൾക്ക് വെളളത്തിന് ഉയർന്ന വില ഈടാക്കാമെന്ന സൗകര്യം ലഭിച്ചു, കേരളത്തിൽ അധികം വൈകാതെ തന്നെ ടിക്കറ്റ് വിലയും ഭക്ഷണ വിലയുമൊക്കെ കുതിച്ചുയരും. അത്തരത്തിലുളള നഗരവത്‌കരണമാണ് നടക്കുന്നത്. ചെറുകിടക്കാരെല്ലാം പൂട്ടിപ്പോവുകയാണ്. ഇതിനെ നേരിടണമെങ്കിൽ ഭക്ഷണ വില ഏകീകരിക്കുക തന്നെ വേണം.” അദ്ദേഹം പറഞ്ഞു.

വരുൺ അരോളി

കൊച്ചിയിൽ പിവിആർ തിയേറ്ററിൽ കുടിവെളളം സ്ഥാപിച്ചിരിക്കുന്നത് മൂത്രപ്പുരയ്‌ക്ക് മുന്നിലാണെന്ന് എഴുത്തുകാരനും ടെക്കിയുമായ വരുൺ അരോളി കുറ്റപ്പെടുത്തി. “വെളളം കുടിക്കരുതെന്ന ഉദ്ദേശത്തോടെയാണെന്ന് തോന്നുന്നു, കൊച്ചിയിലെ പിവിആർ തിയേറ്ററിൽ മൂത്രപ്പുരയുടെ വാതിലിന് മുൻവശത്തായാണ് കുടിവെളളം വച്ചിരിക്കുന്നത്. എല്ലാ സിനിമകളും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാൻ ശ്രമിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ പോയാൽ ഭക്ഷണവും വെളളവും വാങ്ങിക്കുടിക്കാറില്ല. ആ തുകയ്‌ക്ക് എനിക്ക് രണ്ട് സിനിമകൾ കൂടി കാണാൻ സാധിക്കും,” വരുൺ പറഞ്ഞു.

ലക്ഷ്‌മി

അതേസമയം സെക്യൂരിറ്റി ഗാർഡുകളെ വെട്ടിച്ച് മിക്കപ്പോഴും കാണികൾ പലരും ഭക്ഷണ സാധനങ്ങളും മറ്റും അകത്ത് കടത്തുന്നത് കണ്ടിട്ടുണ്ടെന്ന് അമ്പലപ്പുഴ സ്വദേശിനി ലക്ഷ്‌മി പറഞ്ഞു. “ഉയർന്ന വില ഈടാക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പേരും കഴിക്കാത്തത്. പലരും ഭക്ഷണ സാധനങ്ങൾ ഒളിച്ചുകടത്തുന്നതും കണ്ടിട്ടുണ്ട്. മിതമായ നിരക്ക് ഈടാക്കിയാൽ കൂടുതൽ പേർ വാങ്ങാനെത്തുമല്ലോ. അത് അവർക്ക് ലാഭമല്ലേ ഉണ്ടാക്കൂ?” കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയായ ലക്ഷ്മി ചോദിച്ചു.

വിനായക തിയേറ്റർ ഉടമ ഹരിഷ്

അതേസമയം കച്ചവടത്തിൽ ലാഭവും നഷ്‌ടവും ഉളള ദിവസങ്ങളുണ്ടാകാറുണ്ടെന്ന് കാഞ്ഞങ്ങാട് വിനായക തിയേറ്റർ ഉടമയായ ഹരീഷ് പ്രതികരിച്ചു. “മൾട്ടിപ്ലക്‌സ് ആറ് മാസം മുൻപാണ് കാർണിവൽ ഗ്രൂപ്പിന് ലീസിന് നൽകിയത്. സിനിമ പ്രദർശിപ്പിക്കുമ്പോൾ ആദ്യ ആഴ്ചയിൽ എനിക്ക് വരുമാനത്തിന്റെ 40 ശതമാനമേ ലഭിക്കൂ. നാലാമത്തെ ആഴ്ചയിലാണ് എനിക്ക് 60 ശതമാനം ലഭിക്കുക. സിനിമ പ്രദർശിപ്പിക്കുന്നതിന്റെ മുഴുവൻ ചിലവും ഞാൻ വഹിക്കണം. അങ്ങിനെ സിനിമ നടത്തിക്കൊണ്ടുപോകാൻ സാധിക്കില്ല. അതിനാലാണ് ഫുഡ്കോർട്ടുകളിൽ ഉയർന്ന വിലയീടാക്കുന്നത്. ഉയർന്ന സൗകര്യങ്ങൾ നൽകിയാണ് വിലയീടാക്കുന്നത്. ആവശ്യക്കാർ മാത്രം വാങ്ങിയാൽ മതിയല്ലോ. കൊളളലാഭമാണ് വാങ്ങുന്നതെങ്കിൽ കാണികൾ ഉൽപ്പന്നം വാങ്ങില്ലല്ലോ. എന്നിട്ടും പലപ്പോഴും സ്ത്രീകൾ ബാഗിൽ പുറത്തുനിന്ന് വാങ്ങിയ ഇറച്ചിവിഭവങ്ങളടക്കം ഒളിച്ചുകടത്തുന്നുണ്ട്. സീറ്റിന്റെ കപ്ബോർഡിൽ ഇതിന്റെ അവശിഷ്‌ടങ്ങൾ ഉണ്ടാകും. അത് സൂക്ഷിച്ച് ഉപയോഗിക്കാൻ പലരും ശ്രമിക്കാറില്ല,” ഹരീഷ് ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഭക്ഷണ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഭൂരിഭാഗം പേരും ഭക്ഷണ പ്രിയരും രുചികരമായ ഭക്ഷണത്തിന് ഉയർന്ന വില നൽകാൻ തയ്യാറുളളവരുമായതിനാൽ വില ഏകീകരണമെന്ന വാദത്തിന് ശക്തിയും കുറവാണ്. ഹോട്ടലുകളുടെ പ്രവർത്തന ചിലവ് കാരണമായി ഉയർത്തിക്കാട്ടി ഹോട്ടലുടമകൾ ഇതിനെ ഓരോ കാലത്തും ഫലപ്രദമായി വിജയിച്ച് പോന്നു. മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ഫുഡ് സ്റ്റാളുകളിൽ ഇരിപ്പിടങ്ങളില്ല. സാധരണയിൽ കവിഞ്ഞ നികുതിയും ഇല്ല. എന്നാൽ ഉയർന്ന വില ഈടാക്കുകയും ചെയ്യുന്നു. മുംബൈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു റിട്ട് ഹർജി നൽകിയാൽ ചിലപ്പോൾ മൾട്ടിപ്ലക്‌സുകളിലെ വിലയെ പിടിച്ചുനിർത്താൻ സാധിച്ചേക്കുമെന്നാണ് അഭിഭാഷകനായ ജഹാങ്കീറിന്റെ കണക്കുകൂട്ടൽ. പക്ഷെ നീതിപീഠം ഈ വാദത്തെ അംഗീകരിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഉറച്ച നിലപാടെടുത്തേ പറ്റൂ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Food should be sold at regular prices in theatres