തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധ മൂലം യുവതി മരിച്ചതിനുപിന്നാലെ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്ന് 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്കി. ശക്തമായ പരിശോധന തുടരും.
ഇന്നലെ 429 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ വകുപ്പ് 43 ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു. സംസ്ഥാനത്താകെ ഇന്ന് വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനമാണു നിര്‍ത്തിവയ്പിച്ചത്. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു വലിയ പ്രവര്‍ത്തനങ്ങളാണു വകുപ്പ് നടത്തിവരുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന് ഷവര്‍മ, ഓപ്പറേഷന് മത്സ്യ, ഓപ്പറേഷന് ജാഗറി, ഓപ്പറേഷന് ഓയില്‍, ഓപ്പറേഷന് ഹോളിഡേ തുടങ്ങിവ ആവിഷ്കരിച്ച് നടപ്പിലാക്കി. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്ത് ജൂലൈ മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്കു രജിസ്ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി (33)യാണു കഴിഞ്ഞദിവസം മരിച്ചത്. സംക്രാന്തിയിലെ ഹോട്ടലില്‍നിന്ന് രശ്മി അല്‍ഫാം പാഴ്സലായി വാങ്ങിക്കഴിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സായിരുന്ന രശ്മി ഡിസംബര്‍ 31 മുതല്‍ ചികിത്സയിലായിരുന്നു. ഇതേ ഹോട്ടലില്‍നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച പതിനഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിയിരിക്കുകയാണ്.