തിരുവനന്തപുരം: ടെക്നോപാർക്കിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതിനും എതിരെ പ്രതിഷേധവുമായി ടെക്നോപാർക് അധികൃതർ രംഗത്ത്. വെള്ളിയാഴ്ചയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ടെക്നോപാർക്കിന് അകത്തെ കഫെറ്റീരിയകളും ഭക്ഷണശാലകളുമായി 94 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.

ഇതിൽ 75ഓളം സ്ഥാപനങ്ങളിലാണ് വകുപ്പ് തകരാറുകൾ കണ്ടെത്തിയത്. എല്ലാവർക്കുമായി ആകെ 1.94 ലക്ഷം രൂപ പിഴ ചുമത്തി. പിന്നീട് അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഉത്തരവിട്ടു. ലൈസൻസ് വാങ്ങിയ ശേഷം പ്രവർത്തിക്കാമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറഞ്ഞത്. എന്നാൽ ഫേസ് 3 ലെ തോട്ട്ലൈൻ എന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചു.

“അവരുടെ കഫെറ്റീരിയയുടെ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ കാണിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അവരുടെ പക്കൽ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. പിന്നീട് കഫെറ്റീരിയ അടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും അത് കൈപ്പറ്റാൻ അവർ തയ്യാറായില്ല. നോട്ടീസിന് മറുപടി ആലോചിച്ച് നൽകാമെന്നായിരുന്നു അവർ പറഞ്ഞത്,” ഭക്ഷ്യ സുരക്ഷ സംഘത്തിലുണ്ടായ തിരുവനന്തപുരത്തെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നാല് ജില്ലകളിലെ(എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം) ഉദ്യോഗസ്ഥർ 15 സംഘങ്ങളായാണ് പരിശോധന നടത്തിയത്. ടെക്നോപാർക്കിലെ സ്ഥാപനങ്ങൾക്കെതിരെ പല തവണ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന നടത്തുന്ന വിവരം ടെക്നോപാർക് സിഇഒ യുടെ ഓഫീസിലെത്തി താനാണ് നൽകിയതെന്ന് സംഘത്തെ നയിച്ച അസ്റ്റിസ്റ്റന്റ് കമ്മിഷണർ കെ അജിത്ത്കുമാർ പറഞ്ഞു.

എന്നാൽ അപ്രതീക്ഷിതമായി നടന്ന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ടെക്നോപാർക്ക് അധികൃതർ ആരോപി്ച്ചത്. “ഫേസ് 3 യിലെ ചെറിയ ഐ.ടി.കമ്പനികളുടെ വിലയേറിയ 4 മണിക്കൂർ ജോലി സമയമാണ് പരിശോധനയെന്ന പേരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പാഴാക്കിയത്. ജീവനക്കാർ വീട്ടിൽ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും  ബിസ്കറ്റും വെന്റിങ്ങ് മെഷീനിലെ കോഫിയുമാണ്  ഭക്ഷ്യ ഉദ്യോഗസ്ഥർ ശുചിത്വമില്ലന്നാരോപിച്ച് പിടിച്ചെടുത്തതെന്നും പാൻട്രി സീൽ ചെയ്ത് പിഴയീടാക്കിയതും,” അവർ ആരോപിച്ചു.

എന്നാൽ ഈ ആരോപണം പൂർണ്ണമായും നിഷേധിച്ചാണ് തിരുവനന്തപുരം എസ്എസിന്റെ ചുമതലയുളള ഉദ്യോഗസ്ഥൻ സംസാരിച്ചത്. “94 സ്ഥാപനങ്ങളിൽ ആകെ പരിശോധന നടത്തിയിരുന്നു. ഒരിടത്ത് നിന്നും ഭക്ഷണം പിടിച്ചെടുത്തിരുന്നില്ല. ശുചിത്വം ഇല്ലെന്നും ലൈസൻസില്ലെന്നും മറ്റുമുളള കുറ്റങ്ങൾക്കാണ് പിഴയീടാക്കിയത്. ടെക്നോപാർക്കിന് അകത്ത് പ്രത്യേകമായി നിയമമൊന്നും ഇല്ല. അവർക്ക് ചില ഇളവുകളുണ്ടെന്നത് ശരിയാണ്. അതല്ലാതെ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തരുതെന്നൊക്കെ പറഞ്ഞാൽ?” അദ്ദേഹം ചോദിച്ചു.

“ടെക്നോപാർക്ക് പോലെ  തൊഴിൽ മര്യാദകൾ പാലിക്കുന്ന  ഒരു സ്ഥാപനത്തിൽ പുറത്തു നിന്നുമുള്ള ഇത്തരം കടന്നുകയറ്റങ്ങൾ മര്യാദകൾക്കു  ചേർന്നതല്ല. ഐ ടി കമ്പനികളിലും അവയുടെ  പാൻട്രികളിലും കടന്നു കയറാൻ മുൻകൂർ അനുമതി ആവശ്യമാണ്. സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ  ചട്ടങ്ങളിലും ഇക്കാര്യം വ്യക്തമായി ഉറപ്പു നൽകിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് ഉദ്യോഗസ്ഥർ  ഐ ടി കമ്പനികളിൽ അതിക്രമിച്ചു കയറിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി   അധികൃതർ ആവർത്തിച്ചു അഭ്യർത്ഥിച്ചിട്ടും ഐ ടി  കമ്പനി ഉദ്യോഗസ്ഥരോടുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതും മോശപെട്ടതുമായിരുന്നു. ടെക്‌നോ പാർക്ക്അധികൃതർ അറിയിച്ചു”

അതേസമയം കേന്ദ്രനിയമങ്ങൾ അനുസരിച്ചാണ് ഭക്ഷ്യവകുപ്പ് പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യവകുപ്പിലെ അസിസ്റ്റന്റ് കമ്മിഷണർ കെ അജിത്കുമാർ പറഞ്ഞു. “ആവശ്യമെങ്കിൽ ഇനിയും പരിശോധന നടത്തും. ഇൻഫോപാർക്കിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. കേന്ദ്രനിയമങ്ങൾക്ക് അനുസരിച്ചാണ് ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നത്. മുൻകൂട്ടി അറിയിച്ച് അവരുടെ സമയം നോക്കിയാണെങ്കിൽ പരിശോധന നടത്തേണ്ടതുണ്ടോ? ഭക്ഷ്യസുരക്ഷ വകുപ്പുദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയും അവരോട് തട്ടിക്കയറിയും നിയമലംഘനം നടത്തിയത് തോട്ട്ലൈൻ എന്ന കമ്പനിയിലെ ആൾക്കാരാണ്. നാല് മണിക്കൂർ കഴിഞ്ഞ് ഞാനും പൊലീസ് സേനയും സ്ഥലത്ത് എത്തിയ ശേഷമാണ് അവർ നൊട്ടീസ് കൈപ്പറ്റാൻ പോലും തയ്യാറായത്,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.