കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിലെ നാലാം പ്രതിയായ സ്ഥാപന ഉടമ കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
അതിനിടെ, ഷവര്‍മ ഉണ്ടാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാൻ തീരുമാനമായിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടച്ചുപൂട്ടിക്കുമെന്നും നിശ്ചിത മാനദണ്ഡം പാലിക്കാത്ത കടയുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്നലെ ഉച്ചയോടെ മരിച്ചു. മൂന്ന് പേര് പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുപിന്നാലെ ഐഡിയൽ ഫുഡ് പോയന്റ് കട പൂട്ടിച്ചു. ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
Read More: പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കാനില്ല: ഉമ തോമസ്