കൊച്ചി: എറണാകുളം പറവൂരില്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും ബിരിയാണിയും കഴിച്ച കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സതേടിയവരുടെ എണ്ണം 68 ആയി. 28പേരാണ് പറവൂര്‍ താലൂക്ക് ആശുപത്രിയിലുള്ളത്. തൃശൂരില്‍ പന്ത്രണ്ട് പേരും 20 പേര് സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുഴിമന്തിയും ബിരിയാണിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ദേഹാസ്ഥ്യമുണ്ടായ ഒൻപതു പേര് കുന്നുകര എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ്.
ഇന്നലെ വൈകിട്ടു ഹോട്ടലില്‍നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയുമാരുന്നു. ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇക്കാര്യം നഗരസഭയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇതേ ഹോട്ടല്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഹോട്ടലില്‍ പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തത് പിടികൂടിയിരുന്നു. രണ്ടു ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന് 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടിയിരുന്നു. കളമശരി കൈപ്പട മുകളിലെ സ്ഥാപനത്തില്‍ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ ചീഞ്ഞ ഇറച്ചി പിടികൂടിയത്.