കാസർഗോഡ്: ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. കാസർഗോഡ് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവേയാണ് മരണം.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായ അഞ്ജുശ്രീ ക്രിസ്മസ്-പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പുതുവത്സരത്തലേന്ന് ഓൺലൈനായി കാസർഗോഡുള്ള അൽ റൊമൻസിയ ഹോട്ടലിൽനിന്നും കുഴിമന്തി ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ച കുടുംബാംഗങ്ങൾക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായി. എന്നാൽ അഞ്ജുശ്രീയുടെ ആരോഗ്യ നില മോശമായതോടെ കാസർഗോഡുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
ആറു ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റുള്ള രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്നുള്ള അല്‍ഫാം കഴിച്ച് നഴ്സായ രശ്മി മരിച്ചത്.