തൃശൂര്‍: ജില്ലയിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയതും മോശവുമായ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. നഗരത്തില പ്രധാന ഹോട്ടലുകളില്‍ നിന്നെല്ലാം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
തൃശൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള ഹോട്ടലുകളിലും ഭക്ഷണ ശാലകളിലുമാണ് പരിശോധന നടന്നത്. സത്താര്‍ വാസൈത്തുണ്, ഹോട്ടല്‍ അല്മൗണ്ട്സ്, പപ്പായ ഹോട്ടല്‍, ഹോട്ടല്‍ അരുണ്‍, മിന്റ് പാലസ് ചൈനീസ് റസ്റ്റോറന്റ്, ജയ റസ്റ്റോറന്റ്, ജയ പാലസ്, ചെട്ടിനാട് ഹോട്ടല്‍, കെ.എസ്.ആര്.ടി.സി ക്യാന്റീൻ, നൂര്ജഹാന് ഹോട്ടല്‍, അരമന റസ്റ്റോറന്റ്, ഗരുഡ എക്സ്പ്രസ് ഹോട്ടല്‍, ഹോട്ടല്‍ ദി മിസ്റ്റ്, ഹോട്ടല്‍ പാര്‍ക്ക് ഹൗസ്, മോഡേണ്‍ ഹോട്ടല്‍, ഹോട്ടല്‍ ഹീറോ, മന്നാടിയാര്‍ ഹോട്ടല്‍, ബിസ്മില്ലാ ടി സ്റ്റാര്‍, ജസ്റ്റ് കിച്ചണ്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി തൃശൂര്‍ കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ കോര്പ്പറേഷന് പൊതുജനാരോഗ്യ വിഭാഗത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.സി.മാധവന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ രവീന്ദ്രന്, ഷാജു, എ.എ.ജോളി, സെബി ഔസേപ്പ്, ജോണ്‍ ദേവസ്യ, മുഹമ്മദ് ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട അഞ്ച് സ്ക്വാഡുകളാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
പൂരത്തിനൊരുങ്ങി തൃശൂർ

തൃശൂർ പൂരത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് മോശം ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്. മെയ് 13 നാണ് തൃശൂർ പൂരം ആരംഭിക്കുക. പൂരം ആസ്വദിക്കാനായി വിദേശികളടക്കം നഗരത്തിലേക്ക് എത്തുമ്പോഴാണ് പല ഹോട്ടലുകളിൽ നിന്നും വ്യാപകമായി മോശം ഭക്ഷണ സാധനങ്ങൾ കണ്ടെടുത്തിരിക്കുന്നത്. പൂരത്തിനോട് അനുബന്ധിച്ച് പരിശോധനകൾ കർശനമാക്കാനാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം തീരുമാനിച്ചിരിക്കുന്നത്. മോശം ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
Read More Kerala News Here