scorecardresearch
Latest News

ബി ജെപി പ്രസിഡന്റിന്റെ എഫ് ബി പോസ്റ്റിന് പിന്നാലെ ഉത്തരവ് ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

കേരളത്തിലെ താന്‍ തന്നെ നിയമിച്ച ഒമ്പത് വൈസ് ചാന്‍സിലര്‍മാരും 24 മണിക്കൂര്‍ സമയം പോലും നല്‍കാതെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബി ജെപി പ്രസിഡന്റിന്റെ എഫ് ബി പോസ്റ്റിന് പിന്നാലെ ഉത്തരവ് ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

തിരുവന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാർത്താക്കുറിപ്പിനും ഫേസ്ബുക്ക് പോസ്റ്റിനും പിന്നാലെ, അതേ വിഷയത്തിൽ ഉത്തരവ് ട്വീറ്റ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ നിയമനത്തിനെതിരായ സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നായിരുന്നു സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്. വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്ക് മെയിൽ ചെയ്തതിന് തൊട്ടുപിന്നാലെ ഇതേ വിഷയം പറഞ്ഞ് എഫ് ബി പോസ്റ്റും വന്നു. ഇത് കഴിഞ്ഞ് കഷ്ടിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് എല്ലാ വി സി മാരോടും രാജിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ക്കെതിരെ എല്‍ ഡി എഫ് പ്രക്ഷോഭം നടത്തുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ബി ജെ പി പ്രസിഡന്റിന്റെ എഫ് ബി പോസ്റ്റും അതിന് പിന്നാലെ, ആ പോസ്റ്റില്‍ പറഞ്ഞ കാര്യത്തിലുള്ള ഉത്തരവ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തതും.

ഒമ്പത് വൈസ് ചാന്‍സിലര്‍മാരുടെയും നിയമന ഉത്തരവില്‍ ഒപ്പുവച്ച അതേ ഗവര്‍ണര്‍ തന്നെയാണ് സുപ്രീം കോടതി വിധി വന്ന 48 മണിക്കൂര്‍ പിന്നിട്ട ശേഷം ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ബി ജെ പി പ്രസിഡന്റിന്റെ എഫ് ബി പോസ്റ്റ് വന്ന് വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ താന്‍ തന്നെ നിയമിച്ച ഒമ്പത് വി സി മാരും രാജിവെക്കണമെന്ന് 24 മണിക്കൂര്‍ സമയം പോലും നല്‍കാതെ ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലി അവധി ആയതിനാല്‍ നാളെ രാവിലെ കോടതിയെ സമീപിക്കാനുള്ള സമയം പോലും കിട്ടാത്ത വിധത്തിലാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത് .ഞായറാഴ്ച ഈ സമയത്ത് ഈ ഉത്തരവ് ഇറക്കിയത് തന്നെ ഗവര്‍ണറുടെ രാഷ്ട്രീയക്കളിയാണെന്ന ആരോപണം ഭരണപക്ഷത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്.

സാങ്കേതിക സര്‍വകലാശാല വി സിയുടെ നിയമനം റദ്ദാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് ഗവര്‍ണര്‍ ഈ ഉത്തരവ് ഇറക്കിയത് എന്നത് കൂടെ ശ്രദ്ധേയമാണ്. ബി ജെ പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മില്‍ സംഘര്‍ഷം കഴിഞ്ഞ എട്ട് വര്‍ഷമായും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സംഭവമാണ്. ഇവിടെ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ ആയി വന്നപ്പോള്‍ മുതല്‍ പലപ്പോഴും സംഘര്‍ഷ സ്ഥിതി സംജാതമായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടത്തിയ അനുനയ ശ്രമങ്ങളില്‍ അതെല്ലാം ഒഴിവാകുകയായിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെടുന്നതെല്ലാം ചെയ്യുന്ന ഒരു സര്‍ക്കാര്‍ എന്ന പരിഹാസം പിണറായി വിജയന്‍ സര്‍ക്കാരിന് മേലുണ്ടായിരുന്നു. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷ പ്രമേയം പോലും സര്‍ക്കാര്‍ എതിര്‍ത്തു. എന്നാലിപ്പോള്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുകയാണ് ഗവര്‍ണര്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Following the bjp presidents fb post the governor tweeted the order