റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിലെ പ്രതികൾക്കുളള ശിക്ഷ വിധിക്കുന്നതിനിടെയാണ് ശിക്ഷിക്കപ്പെട്ടവരെ ഹസാരി ബാഗ് തുറന്ന ജയിലിൽ അടയ്ക്കാവുന്നതാണെന്ന് ജഡ്ജി പറഞ്ഞത്. കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച് രണ്ടാമത്തെ കേസിലാണ് ലാലുവിനെയും മറ്റ് 15 പേരെയും ശിക്ഷിച്ചത്. ശനിയാഴ്ച രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്  മൂന്നരവർഷത്തെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷിക്കപ്പെട്ട പ്രതികൾ തങ്ങളുടെ അനാരോഗ്യവും പ്രായവും പരിഗണിക്കണമെന്ന്  അഭ്യർത്ഥിച്ചിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച്   ഹസാരിബാഗ് തുറന്ന ജയിലായിരിക്കും നല്ലതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടത്. തുറന്ന ജയിലിലെ അന്തരീക്ഷം അവർക്ക് സഹായകരമാകും. അവരെല്ലാം കാലിത്തീറ്റയുടെയും മൃഗങ്ങളുടെ മരുന്നുകളുടെയും കാര്യത്തിൽ പ്രാവീണ്യമുളളവരായതിനാൽ തുറന്ന ജയിലിൽ പ്രവർത്തിക്കുന്ന പാലുൽപ്പാദന കേന്ദ്രത്തിൽ സഹായിക്കാനും സാധിക്കും.

ശനിയാഴ്ച വിഡിയോ കോൺഫറൻസിലൂടെ വിധി പറയുമ്പോഴാണ് ജഡ്ജി ശിവ്പാൽ സിങ് ഇങ്ങനെ പറഞ്ഞത്. പ്രതികളിലൊരാൾ കുറഞ്ഞ ശിക്ഷയ്ക്കായി അഭ്യർത്ഥിച്ചപ്പോഴായിരുന്നു ഇത്.

കോടതിയുടെ മുന്നിൽ വന്ന എല്ലാ രേഖകളും വാമൊഴി തെളിവുകളും പരിശോധിച്ചതിൽ നിന്നും ഇതിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം മൃഗസംരക്ഷണവകുപ്പുമായി  ബന്ധപ്പെട്ടവരാണ്. അവരെല്ലാം കാലിത്തീറ്റ വിതരണം, മൃഗങ്ങൾക്കുളള മരുന്ന് നൽകൽ എന്നിവയിൽ വൈദഗ്‌ദ്യമുളളവരാണ്. ചില പ്രതികൾ മൃഗ ഡോക്ടർമാരുമാണ്. അതുകൊണ്ട് അവരെ ജാർഖണ്ഡിലെ ഹസാരി ബാഗ് തുറന്ന ജയിലിൽ വിടാവുന്നതാണെന്ന് വിധിയിൽ സർക്കാരിനോട് പറഞ്ഞു.

തുറന്ന ജയിലിലെ അന്തരീക്ഷം അവരുടെ പ്രായാധിക്യത്തിന് യോജിച്ചതാണ്. ആ സാഹചര്യത്തിൽ അവർക്ക് അവരുടെ ശിക്ഷാകാലാവധി അവിടെ പൂർത്തിയാക്കാനും അവിടെയുളള പാലുൽപ്പാദന കേന്ദ്രത്തിൽ ജയിൽ ചട്ടങ്ങൾ അനുസരിച്ച് ജോലി ചെയ്യാനും സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഹസാരിബാഗ് ജയിലിൽ നിലവിൽ 25 പേരാണുളളത്. അതിൽ 18 പേർ മാവോയിസ്റ്റ് രാഷ്ട്രീയത്തടവുകാരാണ്. അവിടെ നൂറ് കോട്ടേജുകളാണുളളത്.

നല്ല സ്വഭാവമുളള ജീവപര്യന്തം തടവുകാർക്കായാണ് തുറന്ന ജയിലെന്നാണ് തന്രെ വിശ്വാസമെന്ന് ലാലുവിന്രെ അഭിഭാഷകനായ പ്രഭാത് കുമാർ പറഞ്ഞു. മൂന്ന് തവണ മാറ്റിവച്ച ശേഷമാണ് ശനിയാഴ്ച കോടതി ശിക്ഷ പ്രഖ്യാപിച്ചത്. തങ്ങളുടെ പ്രായവും ആരോഗ്യവും പരിഗണിച്ചും കുടുംബത്തിലെ ഏക വരുമാന മാർഗം തങ്ങളാണെന്നും അതിനാൽ ദയ കാണിക്കണമെന്ന് ഭൂരിപക്ഷം പ്രതികളും കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

താൻ പ്രമേഹ രോഗിയാണെന്നും ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും ലാലു പറഞ്ഞിരുന്നു. പതിനെട്ട് മരുന്നുകൾ ഒരു ദിവസം കഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിചരണത്തിൽ വീഴ്ചവന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ സിബിഐയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന അദ്ദേഹം പട്‌നയിൽ ഓഗസ്റ്റ് 27 ന് നടന്ന റാലിയിൽ പങ്കെടുത്തിരുന്നുവെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.