scorecardresearch

ജോലിയില്ലാതിരുന്നപ്പോള്‍ ക്യാമറയുമായി തെരുവിലേക്ക്; സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലൂടെ മനസ് നിറച്ച് ലിംസണ്‍

വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഒന്നായ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയെ നമ്മുടെ നാട്ടിലും എത്തിച്ചിരിക്കുകയാണ് തൃശ്യൂര്‍ സ്വദേശിയായ ലിംസണ്‍ തോമസ്. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ലിംസണെ ഫോളോ ചെയ്യുന്നത്. സ്ട്രീറ്റ് ഫോട്ടോഗ്രാഫി മാറ്റി മറിച്ച ജീവിതത്തെക്കുറിച്ച് ലിംസണ്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് സംസാരിക്കുന്നു

വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഒന്നായ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയെ നമ്മുടെ നാട്ടിലും എത്തിച്ചിരിക്കുകയാണ് തൃശ്യൂര്‍ സ്വദേശിയായ ലിംസണ്‍ തോമസ്. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ലിംസണെ ഫോളോ ചെയ്യുന്നത്. സ്ട്രീറ്റ് ഫോട്ടോഗ്രാഫി മാറ്റി മറിച്ച ജീവിതത്തെക്കുറിച്ച് ലിംസണ്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് സംസാരിക്കുന്നു

author-image
Hari
അപ്‌ഡേറ്റ് ചെയ്‌തു
New Update
Street Photography | Limson Thomas | Photographer

സ്ട്രീറ്റ് ഫോട്ടോഗ്രാഫി നമ്മുടെ കൊച്ചു കേരളത്തിലും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലിംസണ്‍

"ഹലോ..ഞാന്‍ ഒരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറാണേ... ഇന്‍സ്റ്റഗ്രാമില്‍ റീല്‍സൊക്കെ ചെയ്യുന്നതാണ്, നിങ്ങളുടെ ഫോട്ടോ എടുക്കുന്നകൊണ്ട് വിരോധമുണ്ടോ?" സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ളവരാണെങ്കില്‍ ഒരിക്കലെങ്കിലും ഈ ഡയലോഗ് കേട്ടിട്ടുണ്ടാകണം. ഈ ശബ്ദത്തിന് പിന്നിലെ വ്യക്തിയാണ് തൃശൂര്‍ സ്വദേശിയായ ലിംസണ്‍ തോമസ്.

Advertisment

വിദേശരാജ്യങ്ങളില്‍ വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്ര സുപരിചിതമല്ല ഇത്. കാരണം ആളുകള്‍ എത്തരത്തില്‍ പ്രതികരിക്കുമെന്നൊന്നും ആര്‍ക്കും നിശ്ചയമില്ലല്ലോ. എന്നാല്‍ സ്ട്രീറ്റ് ഫോട്ടോഗ്രാഫി നമ്മുടെ കൊച്ചു കേരളത്തിലും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലിംസണ്‍.

തൊഴിലില്ലാതിരുന്ന കാലത്ത് തന്റെ പാഷനെ മുറുകിപ്പിടിച്ച് ക്യാമറയും കയ്യിലേന്തി തെരുവിലേക്ക് ഇറങ്ങിയതാണ് ലിംസണ്‍. ഇന്ന് ലിംസണെ അറിയാത്തവരായി തൃശൂരില്‍ ആരും തന്നെയുണ്ടാകില്ല. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ലിംസണെ ഫോളോ ചെയ്യുന്നത്. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിയതിനെക്കുറിച്ച് ലിംസണ്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് സംസാരിക്കുന്നു.

ഫോണില്‍ തുടങ്ങി ക്യാമറയിലേക്ക്

ഫോട്ടോഗ്രാഫി പണ്ടുമുതലെ പാഷനായിരുന്നു, ഫോട്ടോ എടുക്കാനാണ് എനിക്ക് ഏറെ ഇഷ്ടം. ഇന്നത്തെ കാലത്തെ മിക്കവരേയും പോലെ ഞാനും ഫോണിലാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. ഒരു ക്യാമറ വേണമെന്ന  ആഗ്രഹം ദീര്‍ഘനാളായി ഉണ്ടായിരുന്നു. അത് സാധിച്ച് തന്നത് ചേട്ടനാണ്. ചേട്ടനാണ് എല്ലാ സാമ്പത്തിക സഹായവും നല്‍കി എനിക്കൊരു പുഷ് തന്നതെന്ന് പറയാം.

Advertisment

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിലേക്കുള്ള ചുവടുവയ്പ്പ്

കേരളത്തിലാണ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി അധികം ഇല്ലാതിരിക്കുന്നത്. വിദേശരാജ്യങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ ഇത് വളരെ പ്രചാരത്തിലുള്ള ഒന്നാണ്. ഡിജി ഫൊട്ടോഹോളിക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമയായ ഡേവിഡ് ഗുറേറൊയാണ് എന്റെ ഇന്‍സ്പിരേഷന്‍. നമ്മള്‍ പണ്ടുമുതലെ ആള്‍ടെ വീഡിയോസൊക്കെ കാണാറുണ്ടായിരുന്നു. അപ്പൊ ഞാന്‍ വിചാരിച്ചു, കേരളത്തിലെന്താ ഇതാരും ചെയ്യാത്തെ, ആള്‍ക്കാരെ പേടിച്ചിട്ടാണോ, മലയാളികള്‍ ഒട്ടും പ്രഡിക്ടബിള്‍ അല്ലല്ലൊ. ചെലപ്പൊ അടി വരെ കിട്ടും. പക്ഷെ എനിക്ക് ആളുകളോട് സംസാരിക്കാനൊക്കെ ഇഷ്ടമാണ്, അതുകൊണ്ട് ഫോട്ടോയെടുത്തോട്ടെ എന്ന് ചോദിക്കുമ്പോള്‍ ആരും തന്നെ എതിര്‍ക്കാറില്ല.

ആദ്യ ക്ലിക്കുകള്‍

തുടങ്ങിയ സമയത്തൊക്കെ ഞാന്‍ ആരോടും പറയാതെയും ചോദിക്കാതെയുമൊക്കെയാണ് ഫോട്ടോയെടുത്തിരുന്നത്. പക്ഷേ. അത് ശരിയല്ലെന്ന് പിന്നീട് തോന്നി. കാരണം മറ്റുള്ളവരുടെ സ്വകാര്യതയെ നമ്മള്‍ ബഹുമാനിക്കണം. പ്രത്യേകിച്ചും കപ്പിള്‍സിന്റെയൊക്കെ ഫോട്ടോ  എടുക്കുമ്പോള്‍ പോസ്റ്റ് ചെയ്യാനൊന്നും പറ്റിയെന്ന് വരില്ല. പിന്നീടാണ് ചോദിച്ചിട്ടൊക്കെ ഫോട്ടോ എടുത്ത് തുടങ്ങിയത്.

ആളുകളെ തിരഞ്ഞെടുക്കുന്നത്

മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ എല്ലാവരും ഫോട്ടോജെനിക്കാണ്. ഞാന്‍ എല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. എന്റെ റീല്‍സൊക്കെ എടുത്ത് നോക്കിയാലറിയാം അത്. എല്ലാ മനുഷ്യരും ഭംഗിയുള്ളവരാണ്, അതാണെന്റെ പോളിസി.

വൈറലാക്കിയ ചിത്രം

തൃശൂര്‍ അയ്യന്തോള്‍ വച്ചാണ് ആ ഫൊട്ടോയെടുത്തത്. ഞാന്‍ ഇങ്ങനെ ഫൊട്ടോയെടുക്കാനായി സ്ട്രീറ്റില്‍ നില്‍ക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി വന്നത്. ഡോണ എന്നായിരുന്നു പേര്. ആ കുട്ടിയോട് ഞാന്‍ ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു, അപ്പൊ എടുത്തോളാനും പറഞ്ഞു. ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ 50 ലക്ഷത്തിലധികം പേരാണ് കണ്ടത്. അതിലൂടെയാണ് കൂടുതല്‍ പേര്‍ എന്ന അറിഞ്ഞതും സ്വീകാര്യതയുണ്ടായതും. 50 ലക്ഷം എന്ന് പറയുന്നത് ചെറിയ സംഖ്യയല്ലല്ലോ.

ഫോട്ടോഗ്രാഫി മാറ്റിമറിച്ച ജീവിതം

ഒരിക്കലും വിചാരിക്കാതെയാണ് എല്ലാം മാറിമറിഞ്ഞത്. നമ്മള്‍ കഠിനാധ്വാനം ചെയ്താല്‍ എല്ലാം അതിനൊപ്പം വരുമെന്ന് കേട്ടിട്ടില്ലെ. ഞാനും അത് തന്നെയാണ് വിശ്വസിക്കുന്നത്. പിന്നെ കേരളത്തില്‍ ഇല്ലാതിരുന്ന ഒരു കണ്ടന്റാണിത്, അങ്ങനെയാണ് ഒരു ശ്രമം നടത്താമെന്ന് കരുതിയത്. ഒരിക്കലും വിചാരിച്ചില്ല ഇത്രയും വൈറലാകുമെന്ന്. ഇപ്പോള്‍ എന്റെ ശബ്ദം വച്ച് തന്നെ ട്രോള്‍ വീഡിയോകള്‍ വരെ ഇറങ്ങുന്നുണ്ട്. ആള്‍ക്കാരുടെ സപ്പോര്‍ട്ടാണ് എല്ലാം.

സ്ട്രീറ്റ് ഫോട്ടോഗ്രാഫി അത്ര എളുപ്പമല്ല

എല്ലാവരോടും നമുക്ക് പോയി ചോദിക്കാന്‍ പറ്റില്ല. എന്റെ ഓപ്പോസിറ്റ് വരുന്ന ആളുടെ മുഖത്തേക്ക് ഞാന്‍ നോക്കും. ചോദിച്ചാല്‍ സമ്മതിക്കും എന്ന് തോന്നുന്നവരെയാണ് കൂടുതല്‍ സമീപിക്കാറുള്ളത്. പത്ത് പേരോട് ചോദിച്ചാല്‍ എട്ട് പേരെങ്കിലും സമ്മതിക്കും,  വേണ്ടെന്ന് പറഞ്ഞാലും സംസാരിച്ച് വീഴ്ത്തി ഫോട്ടോസൊക്കെ എടുത്തിട്ടുണ്ട്. കണ്‍വിന്‍സ് ചെയ്യിക്കാനായി എന്റെ ഇന്‍സ്റ്റഗ്രാം പേജൊക്കെ കാണിച്ചുകൊടുക്കും, നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് അവരെ ബോധ്യപ്പെടുത്തും. അങ്ങനെയാണ് കൂടുതലും ആളുകള്‍ സമ്മതിക്കുന്നത്. ഇതൊക്കെ ആദ്യ കാലത്താണ്, ഇപ്പോള്‍ ആള്‍ക്കാരെന്നെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് കൂടി എളുപ്പമാണ്

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയിലെ വളര്‍ച്ച

റീല്‍സൊക്കെ വൈറലായതോടെ ആളുകള്‍ വര്‍ക്കുകള്‍ക്കായി വിളിച്ച് തുടങ്ങിയിട്ടുണ്ട്, സിനിമയില്‍ നിന്ന് വരെ വിളി വന്നു. ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറല്ല, ഞാന്‍ എന്റെ പാഷനെ പിന്തുടരുകയാണ്. അതുകൊണ്ട് നമുക്ക് പറ്റുന്ന ചെറിയ ചെറിയ വര്‍ക്കുകളൊക്കെയാണ് എടുക്കുന്നത്. അതാണ് എനിക്ക് സന്തോഷം തരുന്നതും.

വിമര്‍ശനങ്ങള്‍

ഇതുവരെ വിമര്‍ശനങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഫോട്ടോ എടുക്കെണ്ടെന്ന് പറയുന്നവര്‍ പോലും ചിരിച്ചുകൊണ്ടാണ് അത് പറയുന്നത്. വിമര്‍ശനമല്ലാതെ വേറൊരു പ്രശ്നമുണ്ട്. റീല്‍സ് തയാറാക്കിയതിന് ശേഷം അയച്ചുകൊടുത്ത് ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും പോസ്റ്റ് ചെയ്യുക. എന്നാല്‍ പോസ്റ്റ് വൈറലായതിന് ശേഷം ചിലര്‍ ഡിലീറ്റ് ചെയ്യാനാവശ്യപ്പെടാറുണ്ട്. അത് അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാകാം. നമ്മള്‍ പറഞ്ഞൊക്കെ നോക്കും, പക്ഷെ അവര്‍ നിര്‍ബന്ധം പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യും.

രസകരമായ നിമിഷം

അതൊരു സര്‍പ്രൈസിന്റെ കഥയാണ്. നമ്മുടെ റീല്‍സൊക്കെ കാണുന്ന ഒരാളാണ് ഇതിന് പിന്നില്‍. ആള്‍ടെ ഭാര്യക്കായിരുന്നു സര്‍പ്രൈസ് കൊടുത്തത്. പുള്ളിക്കാരന്‍ പുറത്താണ്, എന്നെ വിളിച്ച് ഭാര്യ ജോലികഴിഞ്ഞ് ഇറങ്ങുന്ന സമയമൊക്കെ പറഞ്ഞ് സെറ്റ് ചെയ്തു തന്നു. ഞാന്‍ ഫോട്ടോയെടുക്കാനായി ആള്‍ടെ മുന്നിലെത്തിയപ്പോള്‍ ഷോക്ക് അടിച്ചപോലെയായിരുന്നു റിയാക്ഷന്‍. അതൊരു അടിപൊളി സംഭവം തന്നെയായിരുന്നു. തലേന്നുകൂടി യാദൃശ്ചികമായി അവരെന്നെക്കുറിച്ച് സംസാരിച്ചിരുന്നു, എല്ലാം കൂടിയായപ്പോള്‍ ശരിക്കും ആള്‍ക്ക് സന്തോഷമായി.

മനസും കണ്ണും നിറച്ച ഫോട്ടോ

തൃശൂര്‍ റൗണ്ടിലും മറ്റുമായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. അവരുടെ കാര്യം ഒരു ഫോളോവര്‍ അറിയിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം തന്നെ ചെലവ് വഹിച്ചോളാം ഭക്ഷണം മേടിച്ച് കൊടുക്കാമൊ എന്ന് ചോദിച്ചിരുന്നു. അതനുസരിച്ച് സാധനമൊക്കെ വാങ്ങി ഭക്ഷണം തയാറാക്കി. എന്റെ അമ്മയായിരുന്നു പാചകം. ബുദ്ധിമുട്ട് നേരിടുന്ന എല്ലാവര്‍ക്കും ഭക്ഷണവും നല്‍കി. അത് ഒരു റീലായും ചെയ്തിട്ടുണ്ടായി. ഒരുപാട് പേര്‍ക്ക് സന്തോഷം നല്‍കി ആ വീഡിയോ. ഇങ്ങനെ സഹായങ്ങള്‍ നല്‍കാന്‍ തയാറായി നിരവധി ആളുകള്‍ പിന്നീട് സമീപിക്കുകയും ചെയ്തു.  ആ വീഡിയോയും ചെയ്ത കാര്യവും എല്ലാവര്‍ക്കും ഇഷ്ടമായെന്നാണ് കമന്റുകളില്‍ നിന്ന് മനസിലാക്കാനായത്. പലരും ചോദിച്ചു പബ്ലിസിറ്റിക്ക് വേണ്ടിയാണൊ ചെയ്തതെന്ന്, ഒരിക്കലും അങ്ങനെയായിരുന്നില്ല.  

ആഴ്ചയില്‍ ഒരു ദിവസം ഫോട്ടോഗ്രഫിക്കായി

ആദ്യമൊക്കെ ആഴ്ചയില്‍ മൂന്ന് ദിവസം ഫോട്ടോ എടുക്കുന്നതിനായി മാറ്റി വച്ചിരുന്നു. ദിവസം രണ്ട് റീല്‍സ് വച്ചായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ ഒരുപാട് ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് എനിക്ക് സന്തോഷം മാത്രമെയുള്ളു. എന്റെ ഏത് ഫോളവര്‍ മുന്നില്‍ വന്നാലും ഫോട്ടോയെടുക്കാതെ ഞാന്‍ വിടാറില്ല. അങ്ങനെ മൂന്ന് ദിവസമൊക്കെ ചെലവഴിക്കുമ്പോള്‍ റീല്‍സ് ഉണ്ടാക്കാനുള്ള സമയമൊന്നും കിട്ടാതെ വന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഫോട്ടോയെടുക്കാനായി മാറ്റി വയ്ക്കുന്നത്. ഒരു ദിവസം 15 പേരുടെ വരെ ഫോട്ടോസ് എടുക്കും. ആഴ്ചയിലെ ബാക്കി ദിവസങ്ങള്‍ എഡിറ്റിങ്ങിനായി മാറ്റി വയ്ക്കും.

ഓരോ റീലിന് പിന്നിലും കഠിനാധ്വാനം

ഒരാളുടെ കുറഞ്ഞത് 50 ഫോട്ടോയെങ്കിലും എടുക്കുന്നുണ്ടാകും. വീട്ടിലെത്തുമ്പോള്‍ തന്നെ ഫോട്ടോയെല്ലാം ക്ലയന്റ്സിന് അയച്ച് കൊടുക്കും. എന്നിട്ടെ ബാക്കിയെന്തുമുള്ളു. പല ഫോട്ടോയിലും ആളുകളുടെ കണ്ണടഞ്ഞ് പോയിട്ടുണ്ടാകും ഫോക്കസ് ആകാത്തതുണ്ടാകും. ഇതില്‍ നിന്നെല്ലാം കുറച്ച് എണ്ണം തിരഞ്ഞെടുക്കും. ശേഷം എഡിറ്റിങ്.

എഡിറ്റ് ചെയ്ത ഫോട്ടോകളില്‍ നിന്ന് വീഡിയോയ്ക്കായി വീണ്ടും സോര്‍ട്ട് ചെയ്യും. ഒരു റീലില്‍ അഞ്ച് അല്ലെങ്കില്‍ ആറ് ഫോട്ടാസാണ് ചേര്‍ക്കുന്നത്. ഞാന്‍ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്, പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുത്തിയാണ് പരിപാടികള്‍. അതിലെനിക്ക് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല. ഞാന്‍ എടുത്ത ഫോട്ടോയൊക്കെ കാണാന്‍ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഒരിക്കലും മടുപ്പുണ്ടാകില്ലെന്നും എനിക്ക് ഉറപ്പാണ്.

കട്ടയ്ക്ക് കൂടെയുണ്ട് ഫിയാന്‍സി

ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകള്‍ മാനേജ് ചെയ്യുക ഇത്തിരി പണിയാണ്. കാരണം എന്നും കുറഞ്ഞത് 1000 മെസേജുകളെങ്കിലും വരും. ഞാനും എന്റെ ഫിയാന്‍സിയും കൂടെയാണ് ഇതെല്ലാം മാനേജ് ചെയ്യുന്നത്. പ്രധാനപ്പെട്ട മെസേജുകള്‍ക്കാണ് ആദ്യം പരിഗണന നല്‍കുന്നത്.  ഇതെല്ലാം പുലര്‍ച്ചെ ഇരുന്നാണ് ചെയ്യുന്നത്. കാരണം ആ സമയം എല്ലാവരും തന്നെ ഉറങ്ങുകയായിരിക്കുമല്ലോ. അല്ലാത്ത സമയമാണെങ്കില്‍ നമുക്ക് വേഗം തന്നെ റിപ്ലെ കിട്ടും. അപ്പോള്‍ 1000 മെസേജ് എന്നത് രണ്ടായിരമാകും.

മോഹന്‍ലാലിലേക്ക് എത്തിയത്

അതൊരു അമ്മാമ്മയുടെ ഫോട്ടോയെടുത്തത് വഴി ലഭിച്ച അവസരമാണ്. അമ്മാമ്മയുടെ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പൊ അവരുടെ മകന്‍ എന്നെ വിളിച്ചു. ആള് ലാലേട്ടന്റെ പരിപാടിയുടെ സംഘാടകനായിരുന്നു. അദ്ദേഹം വഴി എനിക്ക് അവിടെ എത്താനായി. ഞാന്‍ എന്റെ പാഷന്‍ പിന്തുടര്‍ന്നതുകൊണ്ട് ലഭിച്ചതാണിത്. അല്ലെങ്കില്‍ എനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുമായിരുന്നില്ല.

വിദ്യാഭ്യാസം

എനിക്ക് പഠിക്കാന്‍ നല്ല മടിയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിന് ചേര്‍ന്നു. ആകെ നാല് ക്ലാസില്‍ മാത്രമാണ് പോയത്. ഇങ്ങനത്തെ ഓരോ കാര്യങ്ങളൊക്കെ ചെയ്യാനായിരുന്നു ഇഷ്ടം. പിന്നെ ഞാന്‍ മസ്കറ്റിലേക്ക് ജോലിക്കായി പോയി. പ്ലസ് ടു ഒന്നും എഴുതിയെടുക്കാന്‍ പറ്റിയൊന്നുമില്ല. ശ്രമിച്ചായിരുന്നു പക്ഷെ പറ്റുന്നില്ലായിരുന്നു.

അപ്പോഴേക്കും വീട്ടില്‍ ചെറിയ പ്രശ്നം ഒക്കെയായി, വിദ്യാഭ്യാസം ഇല്ല, എന്ത് ചെയ്യുമെന്നൊക്കെ ചോദ്യങ്ങളായി. ഞാന്‍ ഒന്നും നോക്കീല്ല, രണ്ടും കല്‍പ്പിച്ച് ക്യാമറയുമായി ഇറങ്ങി. ഇപ്പോ എല്ലാവരും ഹാപ്പിയായി. പഠിപ്പിലല്ല എല്ലാം എന്ന് എനിക്ക് തോന്നി. പക്ഷെ പഠിപ്പ് വേണം, അത് ഇല്ലെങ്കില്‍ സ്കില്ലുണ്ടാകണം.

Photography

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: