കോഴിക്കോട്: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ചിറക് വിരിച്ചുയരാന്‍ തയ്യാറെടുത്ത് ദുബായ് ഫ്‌ളൈ. ദുബായ് ആസ്ഥാനമായ ഫ്‌ളൈ ദുബായ് കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് നടത്തുന്ന ആദ്യത്തെ ദുബായ് വിമാന കമ്പനിയായി ഫ്‌ളൈ ദുബായ് മാറും. 2019 ഫെബ്രുവരി ഒന്നു മുതല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സർവ്വീസുകളാണ് ആരംഭിക്കുന്നത്.

നിലവില്‍ ഫ്‌ളൈ ദുബായ്ക്ക് ഇന്ത്യയിലെ എട്ട് സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകളുണ്ട്. തങ്ങളുടെ ഇന്ത്യയിലെ നെറ്റ്‌വര്‍ക്കിലേക്ക് കോഴിക്കോടിനെ കൂട്ടിച്ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും കണക്ടിവിറ്റിയും നല്‍കുമെന്നും ഫ്‌ളൈ ദുബായ് സീനിയര്‍ വൈസ് പ്രസിഡന്റ്, കൊമേഴ്ഷ്യല്‍, സുധീര്‍ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഏവിയേഷന്‍ ഹബ്ബും പുതിയ കോഡ് ഷെയര്‍ വ്യവസ്ഥയും വഴി ദുബായിലേക്കും അതിനപ്പുറത്തേക്കും പ്രവേശനം നല്‍കുന്ന പുതിയ റൂട്ട് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രക്കാരെ നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോഴിക്കോടു നിന്ന് ദുബായിലേക്കും തിരികെയും യാത്ര ചെയ്യുന്നവര്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യങ്ങളായ ചെക്ക് ഇന്‍ സേവനത്തിലെ മുന്‍ഗണന, സൗകര്യപ്രദവും വിശാലവുമായ സീറ്റ്, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവ ഒരുക്കും. എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാവശ്യമനുസരിച്ചുള്ള ടിക്കറ്റ് നിരക്ക് തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും ഫ്‌ളൈ ദുബായ് അധികൃതര്‍ അറിയിച്ചു.

ദുബായില്‍ നിന്ന് കോഴിക്കോടേയ്ക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകള്‍ 54,075 രൂപ മുതലും, ദുബായിലേക്കുള്ള എക്കണോമി ക്ലാസ് നിരക്കുകള്‍ 13,000 രൂപ മുതലുമാണ്. ടിക്കറ്റുകള്‍ ഫ്‌ളൈ ദുബായ് വെബ്‌സൈറ്റില്‍ (flydubai.com) നിന്നും, കസ്റ്റമര്‍ കേന്ദ്രത്തില്‍ (+971 600 54 44 45) നിന്നും ഫ്‌ളൈ ദുബായ് ഷോപ്പുകളില്‍ നിന്നും ട്രാവല്‍ പാര്‍ട്‌ണേഴ്‌സില്‍ നിന്നും വാങ്ങാന്‍ കഴിയും.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് പുതിയ പ്രഖ്യാപനത്തിനിടെ ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗെയ്ത് അല്‍ ഗെയ്ത് പറഞ്ഞു. വ്യാപാരത്തിലും വിനോദത്തിലും ശക്തമായ ഒഴുക്കാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായത്. 2017 ഇന്ത്യയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചത് 2 മില്യണ്‍ ആളുകളാണ്. ദുബായ് സന്ദര്‍ശിച്ച മൊത്തം ആളുകളുടെ 15 ശതമാനം വരുമിത്. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ കൃതജ്ഞതയുള്ളവരായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഈ വിപണിയെ സേവിക്കുന്നത് തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഉറ്റുനോക്കുന്നതായും ഗെയ്ത് കൂട്ടിച്ചേര്‍ത്തു.

2010 ല്‍ ലക്‌നൗവിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ചതോടെയാണ് ഫ്‌ളൈ ദുബായ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ അഹമ്മദാബാദ്, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലക്നൗ, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ 30 വിമാന സർവ്വീസുകളാണ് ഫ്‌ളൈ ദുബായ് നടത്തുന്നത്. ഈ നെറ്റ്‌വർക്കിന്റെ ഭാഗമാവുകയാണ് കോഴിക്കോടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.