ന്യൂഡൽഹി: പ്രളയം ദുരിതം വിതച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്ര ധനസഹായം. 3048.39 കോടി രൂപയാണ് കേരളത്തിന് കേന്ദ്രം നൽകുക. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുമാണ് ഈ തുക നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കേരളം, നാഗാലാൻഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രളയം, ചുഴലിക്കാറ്റ്, ഉരുൾപ്പൊട്ടൽ എന്നിവ മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും, നാഗലാൻഡിന് 131.16 കോടി രൂപയുമാണ് അധിക കേന്ദ്ര സഹായമായി നൽകുക.

4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാളും കൂടുതലാണെങ്കിലും കേന്ദ്ര മാനദണ്ഡപ്രകാരം ഉൾക്കൊള്ളിക്കാവുന്ന തുകയാണ് കണക്കിൽപ്പെടുത്തിയത്.

പ്രളയദുരന്തത്തിൽ മരണമടഞ്ഞവർ, തകർന്ന വീടുകൾ, കൃഷി നാശം, ആടുമാടുകളുടെയും പക്ഷി-മൃഗാദികളുടെയും നാശനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് 4796 കോടിയുടെ സഹായം അഭ്യർഥിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പൂർണ്ണമായി തകർന്ന വീടുകൾക്ക് 103 കോടി രൂപ നിർദേശിക്കുന്നു. ഭാഗികമായി തകർന്ന വീടുകൾക്ക് 853 കോടിയും ചെറിയ കേടുപാടുള്ളവയ്ക്ക് 1753 കോടിയും അഭ്യർത്ഥിച്ചു.

കേരളത്തിലുണ്ടായ പ്രളയത്തിൽ ആകെ നഷ്ടം 31000 കോടിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ ഡൽഹിയിലെ റെസിഡന്റ് കോര്‍ഡിനേറ്റര്‍ യൂറി അഫാനിസീവാണ് വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യുഎന്‍ സഹായിക്കുമെന്ന് യൂറി അഫാനിസീവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.