ആലപ്പുഴ: പ്രളയ ബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കാന് വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട ഒന്ന് മുതൽ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും അറിയിച്ചു. വിദ്യാർഥികളിൽനിന്ന് പ്രഥമാധ്യാപകൻ വിവരം ശേഖരിച്ച് ബന്ധപ്പെട്ട ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
കാലവർഷക്കെടുതിയിൽ നിന്ന് ഒത്തൊരുമിച്ച് കരകയറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാവും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
നമുക്കുണ്ടായ നഷ്ടങ്ങളെല്ലാം ഒന്നിച്ചുനിന്ന് പരിഹരിക്കാം. സർക്കാർ എന്ന നിലയ്ക്ക് ആദ്യം രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുക. അത്തരം പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ സർക്കാർ മുന്നോട്ട് പോകുന്നത്. അതിനു ശേഷം പുനരധിവാസത്തിനായിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുക. വീടുകൾ വാസയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്നാൽ പരിഹരിക്കാൻ സാധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.