കൊച്ചി: എറണാകുളം കലക്ടറുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടന്നത് പ്രതികളുടെ അറിവോടെയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത്, ഭർത്താവ് എം.എം.അൻവർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത ക്രൈംബ്രാഞ്ച് ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഒന്നാം പ്രതി വിഷ്ണുവും രണ്ടാം പ്രതി മഹേഷുമായും ഇരുവർക്കും ബന്ധമുണ്ട്. ബാങ്കിന്റെ പൊതു അക്കൗണ്ടിലേക്ക് വന്ന പണം ഇരുവരുടേയും പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടത് കൗലത്താണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി: സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു

പത്തരലക്ഷത്തോളം രൂപ ഇവരുടെ അക്കൗണ്ടിൽ എത്തി. ഇതിൽ അഞ്ച് ലക്ഷം പിൻവലിച്ചെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കാക്കനാട് നിലം പതിഞ്ഞ മുഗൾ സ്വദേശിയായ എം.എം.അൻവറും ഭാര്യ കൗലത്തും കേസിലെ മൂന്നും ആറും പ്രതികളാണ്. അൻവറടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തി പന്ത്രണ്ടര ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണ് ആരോപണം. ഹർജികൾ വിധി പറയാനായി കോടതി മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.