കോഴിക്കോട്: കാലവര്‍ഷക്കെടുതിയിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച അടിയന്തര ധനസഹായ തുകയായ 10,000 രൂപ ഉടന്‍ വിതരണം ചെയ്യാന്‍ തീരുമാനം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധന നടത്താതെ തന്നെ പതിനായിരം രൂപ നല്‍കാന്‍ റവന്യൂ വകുപ്പ് ശുപാര്‍ശ ചെയ്തു. ആയിരം വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനും റവന്യൂ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ തന്നെ പുറത്തിറങ്ങും.

Read Also: കാലവര്‍ഷക്കെടുതി; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

സര്‍ക്കാരിന്റെ ഔദ്യോഗിക ക്യാംപുകളിലെത്തിയ 1,11,000 കുടുംബങ്ങള്‍ക്ക് ഉടനടി പതിനായിരം രൂപ വീതം സഹായം നല്‍കാനാണ് തീരുമാനം. കാലവർഷക്കെടുതിയെ തുടർന്ന് ബന്ധുവീടുകളിലേക്ക് മാറുകയോ സര്‍ക്കാര്‍ ക്യാംപുകളിലെത്താതിരിക്കുകയും ചെയ്തവര്‍ക്ക് ഫീല്‍ഡ് തല പരിശോധന നടത്തിയ ശേഷമാകും സഹായം നല്‍കുക. 48 മണിക്കൂര്‍ വീട്ടില്‍ വെളളം കെട്ടി നിന്നവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ട്. സൂക്ഷ്മ പരിശോധനയക്ക് ശേഷം ഒരു കരട് പട്ടിക തയ്യാറാക്കുകയും പരാതികള്‍ കേട്ട ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതിനു ശേഷമാണ് അടിയന്തര സഹായം നല്‍കുക. സെപ്റ്റംബര്‍ ഏഴിനകം അര്‍ഹരായ എല്ലാവര്‍ക്കും സഹായം നല്‍കാനും റവന്യൂ വകുപ്പ് നല്‍കിയ ശുപാര്‍ശയിലുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് മാനദണ്ഡമനുസരിച്ച് അടിയന്തര ധനസഹായമായി 10,000 രൂപ നല്‍കാന്‍ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ ചട്ടങ്ങളും മാനദണ്ഡങ്ങളും പ്രകാരം സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read Also: ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളെ ചട്ടപ്രകാരം പ്രളയ ബാധിത മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും, വാസയോഗ്യമല്ലാത്ത രീതിയില്‍ നശിച്ച വീടുകള്‍ക്കും പുതിയ വീടിനായി നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായം. ആറ് ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനായാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടക്കം ദുരിത ബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.