കൊച്ചി: ഡാം മാനേജുമെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളും ആലുവ സ്വദേശിയുമായ അഡ്വക്കറ്റ് റസൽ ജോയിയാണ് കനത്ത പിഴ ചുമത്തേണ്ടി വരുമെന്ന ചീഫ് ജസ്റ്റീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് പൊതുതാൽപ്പര്യ ഹർജി പിൻവലിച്ചത്.

പ്രളയം മനുഷ്യസൃഷ്ടിയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്. ഇത് ഹെെക്കോടതിയുടെ അതൃപ്തിക്ക് കാരണമായി. കോടതി ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കോടതി അംഗീകരിച്ചിട്ടുണ്ടോ എന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഹർജിയെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രശസ്തിയാണ്
ഹർജിക്കാരന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി

അഭിഭാഷകൻ തന്നെ പരാതിക്കാരനായപ്പോൾ, ഹർജി തയ്യാറാക്കുന്നതിൽ പുലർത്തേണ്ട സുക്ഷ്മത കാണിച്ചിട്ടില്ലന്ന് വിലയിരുത്തിയ കോടതി ഇത് പ്രോൽസാഹിപ്പിക്കാവുന്ന കാര്യമല്ലെന്നും ചൂണ്ടിക്കാട്ടി. പരാതിക്കാരൻ നേരിട്ട് ഹാജരായതായി വിലയിരുത്തിയ കോടതി കോട്ട് ഇട്ടു വാദിക്കുന്നതിൽ നിന്ന് അഭിഭാഷകനെ വിലക്കി.

Read Also: ഒരു ദിവസം കഴിക്കാൻ 8 ലഡ്ഡു മാത്രം, വിവാഹമോചനം തേടി ഭർത്താവ് കോടതിയിൽ

പ്രളയകാലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടന്നും മുഖ്യമന്ത്രിയെ നീക്കാൻ നിർദേശിക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന് പറയുന്നതായിരുന്നു നേരത്തെ പുറത്തുവന്ന അമിക്കസ് ക്യൂറി റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ട് ഇതുവരെ ഹെെക്കോടതി അംഗീകരിച്ചിട്ടില്ല.

കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകിയുള്ളതായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായി എന്ന് അമിക്കസ് ക്യൂറി പറയുന്നത്. ഡാം മാനേജുമെന്റില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

Read Also: ‘മഹാപ്രളയം മനുഷ്യനിര്‍മ്മിതമോ?’; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ളയം മനുഷ്യനിര്‍മ്മിതമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

എന്നാൽ, അമിക്കസ് ക്യൂറിയെ തള്ളി സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. പ്രളയത്തിന് കാരണം അതിവര്‍ഷം തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രളയത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലെന്നും പ്രളയത്തിന് കാരണം കേരളത്തില്‍ ലഭിച്ച അതിവര്‍ഷമാണെന്നും സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.