തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗൗരീശപട്ടം, ജഗതി, കരുമരം കോളനി, പൊന്മുടി, വിതുര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മലയോരപ്രദേശങ്ങളിലും ബോണക്കാട്, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലും മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്.

ഗൗരീശപട്ടത്ത് അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ പതിനെട്ട് കുടുംബങ്ങൾ ആണ് പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്. ഫയർഫോഴ്സ് എത്തി ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എം.മുരളീധരൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും രക്ഷാപ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നെയ്യാറിൽ നിന്നുള്ള വെള്ളം കരകവിഞ്ഞതും അരുവിക്കര ഡാം തുറന്നുവിട്ടതുമാണ് ഇവിടെ സാഹചര്യം രൂക്ഷമാക്കിയത്.

ഗൗരീശപട്ടത്തിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞതോടെ ജനങ്ങൾ ജീവൻ രക്ഷാർത്ഥം വീടിനു മുകളിൽ കയറി രക്ഷാപ്രവർത്തകരെ കാത്തിരിക്കുകയാണ്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കും ഒരാൾപ്പൊക്കത്തിലുള്ള ജലനിരപ്പും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. മോട്ടോർ ഘടിപ്പിച്ച ചെറുബോട്ടുകൾ കൊണ്ടുവന്നു രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

അതേസമയം, നെയ്യാറ്റിൻകര ചെമ്പരത്തി വിളയിലിലും 15 കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തകർ നടത്തി കൊണ്ടിരിക്കുന്നു. കരമന ആറും കിള്ളിയാറും കരകവിഞ്ഞതും ജനവാസമേഖലകൾ വെള്ളത്തിനടിയിലാവാൻ കാരണമായിട്ടുണ്ട്. ഇരുമ്പുപാലം, ജഗതി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി. ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാം തുറന്നു. തിരുവനന്തപുരം നെയ്യാർ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഷട്ടറുകൾ 10 അടിയിൽ നിന്നും 12 അടി ആയി ഉയർത്തിയിട്ടുണ്ട്. നെയ്യാർ അണക്കെട്ടിൽനിന്ന് വെള്ളമൊഴുക്കുന്ന കനാൽ തകർന്നു. നെയ്യാർ ഡാമിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്.

മുൻപ് വലിയ മഴക്കെടുതി ബാധിക്കാത്ത സ്ഥലങ്ങളിൽ പോലും ഇത്തവണ വെള്ളത്തിലായത് ജനങ്ങൾക്കിടയിൽ ആശങ്കയുണർത്തുകയാണ്. അസാധാരണ സാഹചര്യമായതിനാൽ എല്ലാ സേനാവിഭാഗങ്ങളും സജ്ജമായിരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ മാത്രം ആറു ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്.

മഴക്കെടുതിയിൽ പെട്ട് മരണങ്ങളും തിരുവനന്തപുരം ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം ചിറയിൻകീഴിൽ വീടിന്റെ ചുമരിടിഞ്ഞ് ഗോപാലൻ (80) മരിച്ചു.

പലയിടത്തും മണ്ണിടിഞ്ഞു പാളത്തിലേക്കു വീണുതിനെ തുടർന്ന് ട്രെയിൻ സർവ്വീസ് മുടങ്ങി. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ഇരണിയലിനും കുഴിത്തുറക്കുമിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ട്രെയിൻ സർവ്വീസ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.