കൊച്ചി: കേരളത്തിലെ മഹാപ്രളയത്തിന് കാരണം അതിവര്‍ഷം തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലെന്നും പ്രളയത്തിന് കാരണം കേരളത്തില്‍ ലഭിച്ച അതിവര്‍ഷമാണെന്നും സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

kerala flood, flood in cheruthoni town

പ്രളയത്തിൽ ചെറുതോണി ടൗണിൽ വെളളം കയറിയപ്പോൾ

Read More: ‘മഹാപ്രളയം മനുഷ്യനിര്‍മ്മിതമോ?’; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഏപ്രില്‍ മൂന്നിന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെ ആരോപണങ്ങളെ തള്ളി സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകിയുള്ളതായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായി എന്ന് അമിക്കസ് ക്യൂറി പറയുന്നത്. ഡാം മാനേജുമെന്റില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

Read More: ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ട്; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രി

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വേണ്ടത്ര പഠനങ്ങളില്ലാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. റിപ്പോര്‍ട്ട് അന്തിമമെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് അന്തിമമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനം നേരിട്ട ദുരന്തത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സർക്കാരിനെതിരായി തിരിച്ചുവിടാൻ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സർക്കാർ നിയമസഭയിലടക്കം വ്യക്തത വരുത്തിയിട്ടുള്ളതാണ്. അതേ കാര്യങ്ങൾ തന്നെയാണ് വീണ്ടും മാധ്യമങ്ങളിൽ വന്നിട്ടുള്ളത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് ഇത് പ്രചരിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.