കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മൂന്നാംപ്രതി എം.എം.അൻവറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലാം പ്രതിയും അൻവറിന്റെ ഭാര്യയുമായ കൗലത്തിന്റെ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. ഇരുവരും പത്ത് ദിവസത്തിനകം അന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. രണ്ടു പേരെയും അറസ്റ്റ് ചെയ്യണം. ചോദ്യം ചെയ്ത ശേഷം അന്നു തന്നെ കോടതിയിൽ ഹാജരാക്കണം. കൗലത്തിന് വിചാരണക്കോടതി ജാമ്യം അനുവദിക്കണം. അൻവറിന്റെ കാര്യത്തിൽ കോടതിക്ക് നിയമാനുസൃത തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിട്ടു.

Read More: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയത് മകനെന്ന് പൊലീസ്

അൻവർ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ അംഗവും കൗലത്ത് അയ്യനാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഇരുവരുടേയും പേരിലുള്ള അക്കൗണ്ടിലേക്ക് രണ്ട് തവണകളായി പത്തുലക്ഷത്തി നാൽപ്പതിനായിരം രൂപ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, പ്രളയഫണ്ട്‌ തട്ടിപ്പ് കേസിൽ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. 73 ലക്ഷം രൂപ തട്ടിച്ച രണ്ടാമത്തെ കേസിലാണ് അറസ്റ്റ്. ക്രൈം ബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചു വരുത്തിയ വിഷ്ണു പ്രസാദിനെ വിശദമായ ചോദ്യം ചെയ്യലുകൾക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസിലെ ആദ്യ അറസ്റ്റാണിത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനാണ് സാധ്യത. ആദ്യകേസിലെ ഒന്നാം പ്രതിയായ വിഷ്ണു പ്രസാദ് തന്നെയാണ് ഈ കേസിലെയും സൂത്രധാരൻ.

കലക്ടറേറ്റിനകത്തു നിന്നും ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ, താൻ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയതെന്നും അറിഞ്ഞുകൊണ്ടല്ല ഉദ്യോഗസ്ഥർ രസീതുകളിൽ ഒപ്പു വച്ചതെന്നുമാണ് വിഷ്ണു പ്രസാദിന്റെ മൊഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.