വയല്‍ നികത്തലും കുന്നിടിക്കലും പാറ ഖനനവുമാണ് ദുരന്ത കാരണം; സര്‍ക്കാരിനെതിരെ വിഎസ്

കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മ്മിതികളും പൊളിച്ചുമാറ്റാൻ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല എന്ന് വി‌എസ്

vs achuthanandan, cpm

തിരുവനന്തപുരം: കേരളത്തിലെ ദുരന്തങ്ങളുടെ കാരണം വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍ മുകളിലെ തടയണ നിര്‍മാണവുമെല്ലാം ആണെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേ കുറിച്ച് നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെയെല്ലാം നാം അവഗണിക്കുകയാണെന്നും വി.എസ്. പറഞ്ഞു.

അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്.ഈ ദുരന്തങ്ങളുടെ യഥാര്‍ഥ കാരണം ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്‌‌ഗില്ലിനെ പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാമെന്ന് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതപര്യന്തമുള്ള പ്രതികരണങ്ങളില്‍നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നതെന്നും വിഎസ് വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

Read Also: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ: വ്യാജപ്രചരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസഹായരാകുന്നു. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നല്‍കിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട എന്ന് വി‌എസ് പറഞ്ഞു.

ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കര്‍ശനമായി വിലക്കണമെന്ന് വി‌എസ് ആവശ്യപ്പെട്ടു. പാറമടകള്‍ ജനവാസ മേഖലയില്‍നിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണമെന്നും, പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തണമെന്നും, കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മ്മിതികളും പൊളിച്ചുമാറ്റാൻ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല എന്ന് വി‌എസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Read Also: അതിരപ്പിളളി പദ്ധതി നീതീകരണമില്ലാത്ത ആവശ്യമെന്ന് ഡോ. മാധവ് ഗാഡ്‌ഗിൽ

കഴിഞ്ഞ പ്രളയത്തില്‍ വീടുകളാണ് ഒലിച്ചു പോയതെങ്കില്‍, ഇത്തവണ ഗ്രാമങ്ങള്‍തന്നെ ഒലിച്ചുപോയി. മാധവ് ഗാഡ‍്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിര്‍ത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികളെന്നും വി‌എസ് അച്യുതാനന്ദൻ കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Flood disaster kerala vs against government policy

Next Story
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പരിഭ്രാന്തി വേണ്ട
The moderation of comments is automated and not cleared manually by malayalam.indianexpress.com