കൊച്ചി: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സികെ ശ്രീകല അറിയിച്ചു.

ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവൽ ഉയർന്നിട്ടില്ല. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നും ഇപ്പോൾ പുറത്തേക്കൊഴുകുന്നത്.

ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും ജലസേചനത്തിനായുള്ള പമ്പിംഗ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേജിന്റെ ഷട്ടറുകൾ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്. വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടയ്ക്കുന്നത്.

അതേസമയം ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്നതിനാൽ ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാലാണ് ഡാമുകൾ തുറന്ന് വിട്ടത്. ജൂൺ 3 വരെ കേരളത്തിൽ ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും.

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2020 മെയ് 30 : കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി
2020 മെയ് 31 :തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി
2020 ജൂൺ 1 :തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂർ
2020 ജൂൺ 2 :കൊല്ലം,ആലപ്പുഴ,എറണാകുളം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ
2020 ജൂൺ 3: മലപ്പുറം,കോഴിക്കോട്,കണ്ണൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.