scorecardresearch
Latest News

പ്രളയ സെസ്: പ്രതിസന്ധികൾക്കിടയിലും പിരിച്ചെടുത്തത് 1700 കോടി രൂപയെന്ന് പ്രാഥമിക കണക്ക്

2019 ഓഗസ്റ്റിലെ രണ്ടാം പ്രളയം, കോവിഡ് ലോക്ക്ഡൗണുകൾ എന്നിവയൊക്കെ ഉണ്ടായി സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് ഇത്രയധികം രൂപ പ്രളയ സെസ് ഇനത്തിൽ ലഭിച്ചത്

money, currency, ie malayalam

തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ അധിക വിഭവസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് വഴി സംസ്ഥാനത്തിന് രണ്ടായിരം കോടി രൂപ വരെ ലഭിച്ചേക്കാം. ഇതുവരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 1, 750 കോടിയോളം രൂപ പ്രളയ സെസ് വഴി സമാഹരിച്ചിട്ടുണ്ട്. പ്രതിസന്ധികൾ കടന്നുപോയ രണ്ട് വർഷങ്ങൾക്കിടയിലാണ് ഇത്രയധികം രൂപ അധിക സെസിലൂടെ സംസ്ഥാനം സമാഹാരിച്ചത്. 2019 ഓഗസ്റ്റ് മുതൽ 2021 ജൂലൈ 31 വരെയാണ് പ്രളയ സെസ് ഈടാക്കാൻ തീരുമാനിച്ചത്. ഇന്നത്തോടെ പ്രളയ സെസ് ഈടാക്കുന്നത് നിർത്തലാക്കും.

കേരളത്തിൽ 12 ശതമാനം 18 ശതമാനം 28 ശതമാനം ജിഎസ്ടി സ്ലാബുകളിൽ ഉൾപ്പെടുന്ന വസ്തുക്കൾക്കാണ് പ്രളയ സെസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാനുള്ള അവകാശം നൽകി.

2019 ഓഗസ്റ്റിൽ പ്രളയ സെസ് ഏർപ്പെടുത്തിയ മാസം തന്നെ കേരളത്തിന് രണ്ടാം പ്രളയത്തെ നേരിടേണ്ടി വന്നു. 2019 ഓഗസ്റ്റിലെ പ്രളയ പ്രതിസന്ധി കടന്ന് നിവർന്ന് നിൽക്കാൻ തുടങ്ങുമ്പോൾ കോവിഡും അപ്രതീക്ഷിത അടച്ചിടലും കേരളത്തെ വരിഞ്ഞുമുറുക്കി. ഓഗസ്റ്റിൽ പ്രളയ സെസ് ഏർപ്പെടുത്തി, ഏഴ് മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണും വന്നു.

മാർച്ച് 23 ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ രാജ്യത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. മാസങ്ങൾ നീണ്ട ലോക്ക്ഡൗൺ പതുക്കെ തുറന്നപ്പോഴും സജീവമാകാത്ത വിപണി, അതിന് ശേഷം രണ്ടാം തരംഗ കാലത്ത് കേരളത്തിൽ ആരംഭിച്ച് ഇന്നും അവസാനിക്കാത്ത മാസങ്ങൾ നീണ്ട ലോക്ക്ഡൗൺ ഇതൊക്കെ വിപണിയെ നിർജീവമാക്കി നിർത്തിയതിനിടയ്ക്കാണ് കേരളത്തിൽ 1,750 കോടിയോളം രൂപ പ്രളയ സെസ് ആയി പിരിഞ്ഞു കിട്ടിയത്.

കേരളത്തിൽ പ്രളയവും ലോക്ക്ഡൗണും കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതിനാൽ തന്നെ ഇപ്പോൾ ഈ സെസ് ഇല്ലാതാകുന്നത് സാധാരണക്കാർക്ക് ചെറിയൊരു ആശ്വാസമാകും. കഴിഞ്ഞ വർഷവും ഈ വർഷവും നല്ലൊരു തുക പ്രളയ സെസ് വഴി സർക്കാരിന് ലഭിച്ചത് മൊബൈൽ ഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ, ലാപ്‌ടോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങൾ, റീചാർജ് എന്നിവ വഴിയാകുമെന്നാണ് നിഗമനം.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ സ്കൂൾ, കോളജ് ക്ലാസുകൾ ഓൺലൈൻ ആയത്, വർക്ക് ഫ്രം ഹോം വർദ്ധിച്ചത് തുടങ്ങിയ കാരണങ്ങളാൽ പൊതുവിൽ, മൊബൈൽ, കംപ്യൂട്ടർ, ടിവി, ലാപ്‌ടോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങൾ സാധരണ വിറ്റുപോവുകയും ഡാറ്റാ റീച്ചാർജ് വർദ്ധിക്കുകയും ചെയ്തിരുന്നു. ഇത് ആയിരിക്കാം കേരളത്തിലെ പ്രളയ സെസ് വഴിയുള്ള വരുമാന വർദ്ധനവിന് വഴിയൊരുക്കിയതെന്ന് കരുതുന്നു.

കേരളത്തിൽ ഇപ്പോഴും തുടരുന്ന കർശന ലോക്ക്ഡൗൺ വ്യാപാരികൾക്ക് വലിയ ബാധ്യതയായി തുടരുകയാണ്. അതിനാൽ തന്നെ കഴിഞ്ഞ ഒരു വർഷത്തിൽ പലപ്പോഴായുള്ള അടച്ചിടലും മറ്റുമായി വ്യാപാരികളിൽ നിന്നുള്ള കണക്ക് പൂർണ്ണമായും പൂർത്തിയായിട്ടില്ല. ഇന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ മാത്രമേ വ്യാപാരികളിൽ നിന്നുള്ള കണക്ക് പൂർണമാവുകയുള്ളൂ. വ്യാപാരികൾക്ക് പലർക്കും പല കാരണങ്ങളാൽ പ്രളയ സെസ് സർക്കാരിലേക്ക് അടയ്ക്കാൻ സാധിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം പൊടുന്നനെ പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധികളുടെ ആഘാതവും, അതിന് ശേഷം രണ്ടാം തരംഗത്തിലെ പശ്ചാത്തലത്തിൽ ധാരണയോ ഉറപ്പോ ഒന്നുമില്ലാതെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചതോറും പ്രഖ്യാപിക്കുന്ന മാസങ്ങൾ നീണ്ട ലോക്ക്ഡൗണും വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രളയ സെസ് പൂർണമായും അടയ്ക്കുന്നത് നടന്നിട്ടില്ല എന്നാണ് നിഗമനം. ഇതിലെ പൂർണമായ കണക്കുകൾ വരുമ്പോൾ പ്രളയ സെസ് വഴി കേരളത്തിന് 1,750 കോടി രൂപയിലേറെ ലഭിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്.

Read More: സെസ് ഇല്ല; സ്വർണം, കാർ, മൊബൈൽ നാളെ മുതൽ വില കുറയുന്ന സാധനങ്ങൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Flood cess kerala will end on july money