/indian-express-malayalam/media/media_files/uploads/2022/12/jayarajan.jpg)
കണ്ണൂർ: പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്താനാണ് വലതുപക്ഷശ്രമമെന്നും പാർട്ടിപ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും പി.ജയരാജൻ. കണ്ണൂരിൽ തന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം.
''കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ടുതന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്,'' ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പി.ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂർ കപ്പക്കടവിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നായിരുന്നു ഫ്ലക്സിലെ വാചകം. പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്ലക്സിലുണ്ട്.
ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനു പിറകെയാണ് ജയരാജനെ പിന്തുണച്ചുള്ള ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.