കൊച്ചി: ഫ്ലക്സ് കേസിൽ ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. അനധികൃത ബോർഡുകൾ നീക്കാത്ത നാലു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കോടതിയിൽ വിളിച്ചു വരുത്തി. കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൂലൈ 17നകം മറുപടി നൽകണം. ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താൻ കോടതി തുനിഞ്ഞെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അഭിഭാഷകന്റെ അഭ്യർഥനയെ തുടർന്ന് ചുമത്തിയില്ല.

കൊച്ചി കോർപറേഷൻ, മരട് – പറവൂർ മുനിസിപ്പാലിറ്റികൾ, ഉദയംപേരൂർ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാരുടെ പരാതിയിൽ കോടതി വിളിച്ചു വരുത്തിയത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിലെ വിജയികളെ അനുമോദിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതാണ് പരാതിക്കിടയാക്കിയത്.

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ബോർഡ് സ്ഥാപിക്കുന്നവർ അവരെ നിയമ ലംഘകരാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തുട നീളം പരിശോധന നടത്തി നിയമലംഘനത്തിൽ തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഈ മാസം 20നകം പ്രിൻസിപ്പൽ സെക്രട്ടറി കോടതിക്ക് റിപ്പോർട്ട് നൽകണം. നിയമ ലംഘകർക്കെതിരെ എത്ര കേസെടുത്തെന്നും അറിയിക്കണം. ഫ്ലക്സ് ബോർഡുകളിൽ ഇടം പിടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കരുതെന്നും കോടതി നിർദേശിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകളുടെ പ്രളയമാണെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. സർക്കാരിനേയും കോടതി നിശിതമായി വിമർശിച്ചു.

പരാതി കിട്ടിയാൽ നടപടി എടുക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. പരാതി കിട്ടിയാലേ നിങ്ങൾ നടപടി എടുക്കൂ എന്നാണോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. തദ്ദേശ ഭരണ ഉദ്യോഗസ്ഥർ എന്തിനാണ് അവിടെ ഇരിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുകയാണോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. പൊതുനന്മയെ കരുതിയാണ് ഈ കേസിൽ കോടതി ഇടപെട്ടിരിക്കുന്നതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.